‘പട്ടാളത്തിന്റെ ഒരു കുപ്പി കള്ള് പോലും ലാലിന് കിട്ടില്ല’; ലെഫ്. കേണല്‍ പദവി എങ്ങനെ കിട്ടി? മറുപടി നല്‍കി മേജര്‍ രവി

Mar 6, 2026

മോഹന്‍ലാലിന് ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയതിനെ ഇന്നും പരിഹസിക്കുന്നവര്‍ക്ക് മറുപടി നല്‍കി മേജര്‍ രവി. 2009 ലാണ് മോഹന്‍ലാലിന് ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കുന്നത്. എന്തിനാണ് മോഹന്‍ലാലിന് ഈ പദവി കൊടുത്തതെന്ന് ഇന്നും പരിഹസിക്കുന്നവര്‍ക്കാണ് മേജര്‍ രവി മറുപടി നല്‍കുന്നത്. പോപ്പിന്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവിയുട പ്രതികരണം.

”ലാലിന് കൊടുത്തു എന്ന് പറയുന്ന ഭാഷ തെറ്റാണ്. ഇതെന്തോ ഔദാര്യമായിട്ടാണ് തോന്നുന്നത്. ഈ സിനിമകള്‍ ഞാന്‍ ആര്‍മിയുടെ ക്ലിയറന്‍സിന് അവിടെ കൊണ്ടുപോയി കാണിച്ചിരുന്നു. അങ്ങനെ അവിടുത്തെ മലയാളി ഓഫീസര്‍മാരും ജനറല്‍സുമെല്ലാം ആ സിനിമകള്‍ കണ്ടിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് എന്തുകൊണ്ട് ലാലിനെ അംബാസിഡര്‍ ആക്കിക്കൂടാ എന്ന് ചോദിക്കുന്നത്. ആ റിക്വസ്റ്റ് ഇപ്പോഴും എന്റെ കയ്യിലുണ്ട്. ഏതെങ്കിലും നല്ല ആര്‍ട്ടിസ്റ്റിനെ അംബാസിഡര്‍ ആക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു കൊണ്ടുള്ളത്. ലാലിനോട് ചോദിച്ചപ്പോള്‍ റെഡിയാണെന്ന് പറഞ്ഞു. അതിന് ശേഷമാണ് പേപ്പറുകള്‍ മൂവ് ചെയ്യുന്നത്” മേജര്‍ രവി പറയുന്നു.

മൊറാല്‍ ബൂസ്റ്റ് ചെയ്യുന്നൊരു കാര്യം ഇതിലുണ്ട്. ലാലേട്ടന്‍ എന്ന വ്യക്തി ഏത് അഞ്ച് വയസുകാരുടേയും 80 വയസ് കഴിഞ്ഞ അമ്മൂമ്മയുടേയും പ്രിയപ്പെട്ടവനാണ്. നമുക്ക് ലഭിക്കുന്ന അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാളാണ് ലാല്‍. ആ വ്യക്തി യൂണിഫോം ഇട്ട ശേഷം പട്ടാളത്തില്‍ ചേരുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ആ വികാരം നിങ്ങള്‍ക്ക് മനസിലാകില്ലെന്നും അദ്ദേഹം പറയുന്നു.

മമ്മൂക്കയ്ക്ക് കുറേ ഫാന്‍സുണ്ട്. ഞാന്‍ മമ്മൂക്കയോട് ചോദിച്ചു വാ നമുക്ക് കേറാം എന്ന് പറഞ്ഞു. നമുക്ക് നോക്കാം എന്ന് പറഞ്ഞു. മോഹന്‍ലാലിന് ഇതില്‍ കയറിയത് കൊണ്ട് അഞ്ച് പൈസയുടെ ഗുണമില്ല. കശ്മീര്‍ വിസിറ്റിന് പോകുമ്പോള്‍ ലാലാണ് ടിക്കറ്റെടുക്കുന്നത്. താമസം മാത്രം ആര്‍മിയുടെ ഗസ്റ്റ് ഹൗസിലായിരിക്കും. യൂണിഫോമടക്കം എല്ലാം തൈപ്പിക്കണം. പട്ടാളത്തിന്റെ ഒരു കുപ്പി കള്ള് പോലും അദ്ദേഹത്തിന് കിട്ടില്ല എന്നും മേജര്‍ രവി പറഞ്ഞു.

ചില സമയത്ത് ആ യൂണിഫോം ഇട്ട് പോകാമെന്ന് മാത്രം. അതും വളരെ അപൂര്‍വ്വമായി മാത്രം. അത് കൊടുക്കുന്നത് അതുകൊണ്ട് ആര്‍മിയ്ക്ക് ഗുണം ഉള്ളതിനാല്‍. എന്താണ് അത് കണ്ടിട്ട് കുരു പൊട്ടിയിട്ട് കാര്യമില്ല. കൊടുത്തു എന്ന വാക്ക് തന്നെ ഉപയോഗിക്കുന്നത് തെറ്റാണെന്നും മേജര്‍ രവി ആവര്‍ത്തിച്ചു.

cake tower new
LATEST NEWS