ആറ്റിങ്ങൽ: റേഷൻ കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വ്യാപാരം നടത്തിയിരുന്നയാളെ 170 കിലോയിലധികം പുകയില ഉൽപ്പന്നങ്ങളുമായി ആറ്റിങ്ങൽ എക്സൈസ് സംഘം പിടികൂടി. പൂവണതുംമൂട് കല്ലിന്മുട്ടിൽ റേഷൻ കട നടത്തുന്ന നൈഫ് (40) ആണ് അറസ്റ്റിലായത്.
സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് അധ്യാപകർ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ സംഭവത്തെ തുടർന്ന് ആറ്റിങ്ങൽ എക്സൈസ് നടത്തിയ തുടർ അന്വേഷണത്തിലാണ് കേസിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. അന്വേഷണത്തിന്റെ ഭാഗമായി അവനവഞ്ചേരി പൂവണത്തും മൂടിൽ ചായക്കട നടത്തുന്ന ശിവൻപിള്ളയെയും ചെമ്പൂർ പാലത്തിനടുത്ത് പലവ്യഞ്ജനക്കട നടത്തുന്ന മറ്റൊരാളെയും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി എക്സൈസ് പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ റെയ്കിലാണ് പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിതരണക്കാരനായ നൈഫിനെ 170 കിലോയിലധികം നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി എക്സൈസ് സംഘം പിടികൂടിയത്.
ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ രചന സി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ഷിബു എം. ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ദേവിപ്രസാദ്, സിവിൽ എക്സൈസ് ഓഫീസർ ശരത്ബാബു. സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ) ആദർശ് എന്നിവർ പങ്കെടുത്തു.
സ്കൂൾ കുട്ടികൾക്കിടയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വ്യാപനം തടയുന്നതിനായി കൂടുതൽ പരിശോധനകളും നടപടികളും ശക്തമാക്കുമെന്ന്
എക്സ്സൈസ് അധികൃതർ അറിയിച്ചു.



















