നേമത്ത് കെ എസ് ശബരിനാഥന്‍, എല്‍ദോസ് കുന്നപ്പള്ളിയെ കൊച്ചിയിലേക്ക് മാറ്റും?; കോണ്‍ഗ്രസ് പരിഗണന ഇങ്ങനെ

Mar 12, 2026

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നേമം മണ്ഡലത്തില്‍ മുന്‍ എംഎല്‍എ കെ എസ് ശബരിനാഥനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലാ കമ്മിറ്റികള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥിപട്ടിക കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) പട്ടിക അംഗീകരിച്ചാല്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനും സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ വി ശിവന്‍കുട്ടിക്കും എതിരെ ശബരിനാഥന്‍ മത്സരിക്കും.

ഇതുവരെ 31 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ചിരിക്കുന്നത്. സിറ്റിങ് എംഎല്‍എമാരായ കെ ബാബു, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരൊഴികെ 20 സിറ്റിങ് എംഎല്‍എമാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംവരണ സീറ്റുകളിലെയും ഏതാനും ജനറല്‍ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക അന്തിമമാക്കിയിട്ടുണ്ട്.

പെരുമ്പാവൂരിലെ സിറ്റിങ്ങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ കൊച്ചിയിലേക്ക് മാറ്റാനും, പകരം പെരുമ്പാവൂര്‍ സീറ്റ് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് നല്‍കാനും നേതൃത്വം ആലോചിക്കുന്നുണ്ട്. എന്നാല്‍ എല്‍ദോസ് ഈ നിര്‍ദേശം അംഗീകരിച്ചിട്ടില്ല എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

രാഷ്ട്രീയമായി പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നായ തിരുവനന്തപുരം സെന്‍ട്രല്‍ യുഡിഎഫ് സഖ്യകക്ഷിയായ സിഎംപിക്ക് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ധാരണയായി. സിഎംപി ജനറല്‍ സെക്രട്ടറി സിപി ജോണ്‍ ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. തിരുവനന്തപുരത്തിനായി രംഗത്തു വന്ന വി എസ് ശിവകുമാറിനെ അരുവിക്കര മണ്ഡലത്തിലാണ് പരിഗണിക്കുന്നത്.

കാട്ടാക്കടയില്‍ ഡിസിസി വൈസ് പ്രസിഡന്റ് എം ആര്‍ ബൈജുവിന്റെ സ്ഥാനാര്‍ത്ഥിത്വം ഏതാണ്ട് ഉറപ്പായി. വര്‍ക്കലയില്‍ ഡോ. എസ് എസ് ലാലിന്റെ പേരിനാണ് മുന്‍ഗണന. സിപിഐയുടെ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ ജി ആര്‍ അനിലിന് എതിരെ നെടുമങ്ങാട് മണ്ഡലത്തില്‍ സിപിഐ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം മീനാങ്കല്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കും.

വാമനപുരത്ത് പാലോട് രവിയും സുധീര്‍ ഷാ പാലോടുമാണ് അന്തിമ പരിഗണനയിലുള്ളത്. കഴക്കൂട്ടത്ത് കെപിസിസി അംഗം ജെ എസ് അഖിലിന്റെ പേരിനാണ് മുന്‍ഗണന. കെപിസിസി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദിന്റെ പേരും അവസാന നിമിഷം പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

കൊല്ലം ജില്ലയില്‍ ജ്യോതി കുമാര്‍ ചാമക്കാല പത്തനാപുരത്ത് നിന്ന് മത്സരിക്കും. കൊട്ടാരക്കരയില്‍ മുന്‍ സിപിഎം എംഎല്‍എ ഐഷ പോറ്റിയും സ്ഥാനാര്‍ത്ഥിയാകും. കൊല്ലം മണ്ഡലത്തില്‍, ഡിസിസി കെപിസിസി ജനറല്‍ സെക്രട്ടറി സൂരജ് രവിയെ ഔദ്യോഗികമായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ബിന്ദു കൃഷ്ണയെ പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഐഷാപോറ്റിക്കും ബിന്ദുകൃഷ്ണയ്ക്കും ഒരേസമയം സീറ്റു നല്‍കുന്നതില്‍ ജില്ലയിലെ പാര്‍ട്ടിയ്ക്കകത്ത് അതൃപ്തിയുണ്ട്.

സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍മന്ത്രി ജി സുധാകരനു വേണ്ടി അമ്പലപ്പുഴയില്‍ കെപിസിസി വൈസ് പ്രസിഡന്റ് എം ലിജുവിനെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപവുമുണ്ട്. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ലിജുവിന്റെ പേരും പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. സിറ്റിങ് എംഎല്‍എ കെ ബാബു ഇക്കാര്യത്തില്‍ മനസ്സ് തുറന്നിട്ടില്ലെങ്കിലും, ലിജുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കെ ബാബു അനുകൂലമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

cake tower new
LATEST NEWS
തപസ്യ കലാ-സാഹിത്യവേദി “കേരളയിൽ നിന്ന് കേരളത്തിലേയ്ക്ക് ” എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന വിചാരസഭ നാളെ

തപസ്യ കലാ-സാഹിത്യവേദി “കേരളയിൽ നിന്ന് കേരളത്തിലേയ്ക്ക് ” എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന വിചാരസഭ നാളെ

തപസ്യ കലാ-സാഹിത്യവേദി “കേരളയിൽ നിന്ന് കേരളത്തിലേയ്ക്ക് ” എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന വിചാരസഭ...