ഡൽഹി: ശത്രുരാജ്യങ്ങളുടെ ഡ്രോണ്‍ കൂട്ടങ്ങളെയും മിസൈലുകളെയും നിമിഷനേരം കൊണ്ട് ചാമ്പലാക്കാന്‍ ശേഷിയുള്ള ലേസര്‍ ആയുധങ്ങള്‍ ഇന്ത്യൻ സേനയുടെ ഭാഗമാകുന്നു. ഡിആർഡിഒ വികസിപ്പിച്ച ‘ദുര്‍ഗ-II’, ‘എംകെ-2(എ)’ എന്നീ ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍ സംവിധാനങ്ങള്‍ ഇന്ത്യൻ വ്യോമ പ്രതിരോധത്തിന് പുതിയ കരുത്തേകും. ഇതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഈ സാങ്കേതികവിദ്യ കൈവശമുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഉയരുകയാണ്.
പരമ്പരാഗത മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ അപേക്ഷിച്ച് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ലേസര്‍ ആയുധങ്ങള്‍ക്ക് ചെലവും നന്നേ കുറവാണ്. കൂട്ടമായെത്തുന്ന ഡ്രോണ്‍ കൂട്ടങ്ങളിലെ ഓരോ ഡ്രോണിനെയും പ്രത്യേകം ലക്ഷ്യം വെച്ച് തകര്‍ക്കാനും ഇവയ്ക്ക് സാധിക്കും. 100 കിലോവാട്ടിലധികം ശേഷിയുള്ള ഒരു ഹൈപവര്‍ ലേസര്‍ ആയുധമാണ് ദുര്‍ഗ-II. ക്രൂയിസ് മിസൈലുകള്‍, ഹെലികോപ്റ്ററുകള്‍, വിമാനങ്ങളിലെ സെന്‍സറുകള്‍ എന്നിവയെ തകര്‍ക്കാന്‍ ഈ സംവിധാനത്തിന് കഴിയും. എംകെ-2(എ) 30 കിലോവാട്ട് ശേഷിയുള്ള ലേസര്‍ സംവിധാനമാണ്.
ചെറിയ ഡ്രോണുകളെയും ഡ്രോണ്‍ കൂട്ടങ്ങളെയും തകര്‍ക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ കുര്‍ണൂല്‍ ഡ്രോണ്‍ ടെസ്റ്റ് റേഞ്ചില്‍ നടന്ന പരീക്ഷണത്തില്‍ ഒന്നിലധികം ഡ്രോണുകളെ ഈ ലേസര്‍ സംവിധാനം വിജയകരമായി തകര്‍ത്തിരുന്നു. ഇന്ത്യയുടെ ദേശീയ വ്യോമപ്രതിരോധ ശൃംഖലയായ ‘മിഷന്‍ സുദര്‍ശന്‍ ചക്ര’യുടെ ഭാഗമായി ഈ ലേസര്‍ ആയുധങ്ങളെയും ഉള്‍പ്പെടുത്താനാണ് പദ്ധതി. ഭാവിയില്‍ യുദ്ധക്കപ്പലുകളിലും വിമാനങ്ങളിലും ഇത്തരം ലേസര്‍ ആയുധങ്ങള്‍ ഘടിപ്പിക്കാനാണ് ഡിആര്‍ഡിഒ ലക്ഷ്യമിടുന്നത്.

















