ദുബൈ: ഇസ്രയേലും – അമേരിക്കയും ഇറാനെ ആക്രമിച്ച് തുടങ്ങിവച്ച പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ആഗോള ഇന്ധന സംവിധാനങ്ങള്‍ ലക്ഷ്യമിടുന്നതിലേക്ക് തിരിയുന്നു. ഇറാനിലെ പ്രകൃതിവാതക സംവിധാനങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഊര്‍ജ്ജ മേഖലയെ ആണ് ഇറാന്‍ ലക്ഷ്യമിട്ടത്. ഖത്തറിലെ ദ്രവീകൃത പ്രകൃതിവാതക കേന്ദ്രങ്ങളും കുവൈത്ത് എണ്ണ ശുദ്ധീകരണശാലയും ലക്ഷ്യമിട്ടാണ് ഇറാന്റെ തിരിച്ചടി. യുഎഇ തീരത്തെ എണ്ണക്കപ്പലിന് നേരെയും ഇറാന്‍ ആക്രമണം നടത്തി. പേര്‍ഷ്യന്‍ ഗള്‍ഫ് തീരത്ത് സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടമായ സൗത്ത് പാര്‍സില്‍ ആണ് ഇസ്രയേല്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. പിന്നാലെയാണ് ഇറാന്‍ ഗള്‍ഫ് മേഖലയില്‍ വ്യാപകമായി തിരിച്ചടിച്ചത്.
ലോക വിപണിയില്‍ പ്രകൃതിവാതകത്തിന്റെ പ്രധാന സ്രോതസ്സായ ഖത്തറിലെ എല്‍എന്‍ജി കേന്ദ്രത്തിന് നേരെ ആയിരുന്നു ഇറാന്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ എല്‍എന്‍ജി കേന്ദ്രത്തില്‍ തീപിടിത്തം ഉണ്ടായെങ്കിവും അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. എല്‍എന്‍ജി കേന്ദ്രത്തിന് നേരെ നേരത്തെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തത്തില്‍ ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയായികുന്നു. പുതിയ ആക്രമണം നാശനഷ്ടങ്ങളുടെ തോത് വര്‍ധിപ്പിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നാശനഷ്ടങ്ങള്‍ ഖത്തറിന്റെ എണ്ണ വിപണിയിലെ സ്വാധീനത്തെ സാരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തലുകള്‍.
കുവൈത്തില്‍ മിന അല്‍-അഹമ്മദി റിഫൈനറിക്ക് നേരെ ആയിരുന്നു ഇറാന്റെ ആക്രമണം. പ്രതിദിനം 730,000 ബാരല്‍ പെട്രോളിയം ഉല്‍പാദന ശേഷിയുള്ള മിന അല്‍-അഹമ്മദി മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ റിഫൈനറികളില്‍ ഒന്നാണ്.
യുഎഇക്ക് നേരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അബുദാബിയിലെ ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റ്, ബാബ് ഫീല്‍ഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ഇറാന്‍ ആക്രമണങ്ങളെ അപലപിച്ചു ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തെത്തി. ഇറാനില്‍ ഉണ്ടായിരുന്ന വിശ്വാസം തകര്‍ക്കുന്നതാണ് തുടര്‍ച്ചയായ ആക്രമണങ്ങളെന്നാണ് ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളുടെ നിലപാട്.
എണ്ണപ്പാടങ്ങള്‍ക്ക് എതിരായ ആക്രമണങ്ങള്‍ ‘സംഘര്‍ഷത്തിന്റെ ഗതിമാറ്റത്തിന്റെ വ്യക്തമായ സൂചനയാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍. ‘ലോകത്തെ മുഴുവന്‍ വിഴുങ്ങാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു ആക്രമണത്തില്‍ അപലപിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ നല്‍കിയ മുന്നറിയിപ്പ്. ഇറാനിലെ എണ്ണപ്പാടങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ അമേരിക്കയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സൗത്ത് പാര്‍സില്‍ മേഖലയെ ഇസ്രയേല്‍ ഇനി ലക്ഷ്യമിടില്ലെന്ന് ഡോണള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു. ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ വിലയിരുത്തി ഈ തരത്തിലുള്ള അക്രമത്തെ താന്‍ അംഗീകരിക്കില്ലെന്നായിരുന്നു ട്രംപ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.

ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണങ്ങളുടെ അലയൊലികള്‍ അന്താരാഷ്ട്ര എണ്ണ വിപണിയെയും ബാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബ്രെന്റ് ക്രൂഡ് ഓയില്‍ വില വ്യാഴാഴ്ച രാവിലെ ബാരലിന് 110 യുഎസ് ഡോളറിനു മുകളിലെത്തി. ഫെബ്രുവരി 28 ന് ഇറാനെ ആക്രമിച്ചുകൊണ്ട് ഇസ്രയേലും അമേരിക്കയും യുദ്ധം ആരംഭിച്ചതിനുശേഷം 50 ശതമാനത്തിലധികമാണ് ക്രൂഡ് ഓയില്‍ വില വര്‍ധിച്ചത്.


















