ജീവിതത്തില്‍ ആഗ്രഹിച്ചതെല്ലാം ഉണ്ടായിട്ടും സന്തോഷം മാത്രമില്ലെന്ന് നടി ശ്രീവിദ്യ മുല്ലച്ചേരി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. മാനസികാരോഗ്യം പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു താരം വിഡിയോ പങ്കുവച്ചത്.
”എനിക്കറിയാം ജീവിതം എല്ലായിപ്പോഴും പെര്‍ഫെക്ടല്ല. എന്നെ അറിയുന്ന എല്ലാവരും പറയും എന്റെ ക്യാരക്ടറില്‍ നിന്നും കുറച്ച് അഡാപ്റ്റ് ചെയ്യണം എന്ന്. ഞാന്‍ എപ്പോഴും സന്തോഷമായിട്ടിരിക്കും. ലോകം ഇടിഞ്ഞു വീണാലും എനിക്കൊരു കുഴപ്പവുമില്ല എന്നാണ് എന്റെ അമ്മ പറയുന്നത്. പൊതുവെ എന്നെക്കുറിച്ച് അങ്ങനൊരു അഭിപ്രായമുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി ഭയങ്കര വലിയ സന്തോഷത്തിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്.” ശ്രീവിദ്യ പറയുന്നു.
”കാരണം, ഒരു മനുഷ്യന്റെ ഏറ്റവും വലിയ സന്തോഷമാണ് സ്വന്തമായി വീട് നിര്‍മിക്കുക എന്നത്. ആ സ്വപ്‌നം പൂവണിഞ്ഞു നില്‍ക്കുകയാണ് ഞാന്‍. വര്‍ക്ക് ലൈഫില്‍ ഭയങ്കര ഹാപ്പിയാണ്. പുതിയൊരു ഷോയില്‍ ജോയിന്‍ ചെയ്യാന്‍ പോകുന്നു. അതും ഭയങ്കരമായി ആഗ്രഹിച്ചൊരു ഷോയാണ്. എല്ലാം കൊണ്ടു സന്തോഷമായി പോകുന്നു. തിരക്കായിട്ട് പോകുന്നു. ഞാന്‍ ആഗ്രഹിച്ചത് പോലെ തന്നെയാണ് ഈ തിരക്ക് പോകുന്നത്.”
”പക്ഷെ ഇതൊന്നും ആസ്വദിക്കാനാകുന്നില്ല. മറ്റാര്‍ക്കെങ്കിലും ഇതുപോലെ ഉണ്ടോ എന്നെനിക്ക് അറിയില്ല. ഉണ്ടെങ്കില്‍ നിങ്ങള്‍ എനിക്ക് ഇതിനൊരു പരിഹാരം പറഞ്ഞു തരണം. ഭയങ്കര ക്ഷീണം. ആഗ്രഹിച്ചതെല്ലാം ഉണ്ട്. പക്ഷെ ശരീരം ആണെങ്കിലും മനസ് ആണെങ്കിലും അതൊന്നും ഉള്‍ക്കൊള്ളുന്നില്ല. ഇതിനൊരു പരിഹാരമുണ്ടെങ്കില്‍ ദയവ് ചെയ്ത് എനിക്കാരെങ്കിലും പറഞ്ഞു തരിക” എന്നും താരം പറയുന്നു.
പിന്നാലെ കമന്റുമായി ശ്രീവിദ്യയുടെ ഭര്‍ത്താവായ സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനുമെത്തി. നമുക്ക് സെറ്റാക്കാം വാവേ എന്നായിരുന്നു രാഹുലിന്റെ കമന്റ്. ശ്രീവിദ്യയുടെ വിഡിയോയ്ക്ക് പ്രതികരണങ്ങളുമായി ധാരാളം പേരാണ് എത്തുന്നത്. നടി അശ്വതി ശ്രീകാന്തും കമന്റ് ചെയ്തിട്ടുണ്ട്.
ജീവിതത്തില്‍ ഒരുപാട് കാലം ഡൂയിങ് മോഡിലുണ്ടായിരുന്നവര്‍ ഈ അവസ്ഥയിലൂടെ കടന്നു പോകാറുണ്ടെന്നാണ് അശ്വതി പറഞ്ഞത്. ശരീരത്തിനും മനസിലും സ്‌പേസ് ആവശ്യാണ്. നെര്‍വസ് സിസ്റ്റത്തിന് ഇടയ്ക്ക് സ്ലോ ഡൗണ്‍ ചെയ്യേണ്ടതുണ്ട്. വേഗത കുറയ്ക്കുകയും ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും കുറ്റബോധമില്ലാതെ വിശ്രമിക്കുകയും വേണം. ഈ സമയം തെറാപ്പി സഹായകരമായിരിക്കുമെന്നും അശ്വതി പറയുന്നു.



















