മലയാളികള്‍ക്ക് സുപരിചിതയാണ് മായ മൗഷ്മി. സിനിമയിലും ടെലിവിഷനിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന നടി. എന്നാല്‍ പിന്നിടൊരു നാള്‍ മായയെ സ്‌ക്രീനില്‍ കാണാതായി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മായയെ പിന്നീട് കാണുന്നത്. ആ വലിയ ഇടവേളയിലേക്ക് മായയെ നയിച്ചത് അപ്രതീക്ഷിതമായി കടന്നു വന്ന അപൂര്‍വ്വ രോഗമായിരുന്നു.
കരിയറില്‍ തിളങ്ങി നില്‍ക്കെയാണ് മായയുടെ ജീവിതം മാറ്റി മറിച്ച ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നത്. 2013 ല്‍ കണ്ണിന് അണുബാധ ബാധിക്കുകയായിരുന്നു. സ്റ്റെഫാല കോക്കസ് എന്ന ബാക്ടീരിയയായിരുന്നു പ്രശ്‌നമായത്. അസഹ്യമായ വേദനയായിരുന്നു. വെയിലും ചൂടും പറ്റില്ല. കണ്ണില്‍ നിന്നും പേസ്റ്റ് രൂപത്തില്‍ പീള വരും. കണ്ണിന്റെ സോക്കറ്റ് മുഴുവന്‍ നിറയും. മുഖത്ത് വെളിച്ചം പോലും അടിക്കാന്‍ പാടില്ല. വെയിലും ചൂടുമൊന്നും കൊള്ളാന്‍ പാടില്ലായിരുന്നു. ക്രമേണ മായയുടെ കാഴ്ച മങ്ങി.
ഈ അസുഖമുള്ള ആരുടെയെങ്കിലും കയ്യില്‍ നിന്നും ബിസ്‌കറ്റോ വെള്ളമോ വാങ്ങി കഴിച്ചാല്‍ പോലും രോഗം പകരുമെന്നാണ് തനിക്ക് എന്തുകൊണ്ട് ഈ അവസ്ഥ വന്നുവെന്ന മായയുടെ ചോദ്യത്തിന് ഡോക്ടര്‍ നല്‍കിയ മറുപടി. പകരാനുള്ള സാധ്യത വളരെ കൂടുതലായതോടെ മായയുടെ ജീവിതം അടച്ചിട്ട മുറിയിലേക്ക് ചുരുങ്ങി. കൊറോണയ്ക്കും മുമ്പേ മായ ക്വാറന്റീന്‍ ജീവിതം അനുഭവിച്ചു തുടങ്ങി. ദിവസങ്ങളും ആഴ്ചകളുമല്ല ഒരു വര്‍ഷത്തോളം മുറിക്കുള്ളില്‍ അടച്ചിരിക്കുകയായിരുന്നു മായ.
കണ്ടു നില്‍ക്കാന്‍ പോലും സാധിക്കാനാകാത്ത അത്ര ദയനീമായിരുന്നു മായയുടെ അവസ്ഥ. ഇതോടെ അടുപ്പമുണ്ടായിരുന്നവരും അകന്നു. അക്കാലത്ത് തന്നെ സ്ഥിരമായി വിളിക്കുകയും പിന്തുണ നല്‍കുകയും ചെയ്തത് നടന്‍ പ്രേം പ്രകാശായിരുന്നുവെന്നും മായ ഓര്‍ക്കുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടെയാണ് അച്ഛന്റെ സാമ്പദ്യ പ്രശ്‌നങ്ങളും മായയുടെ ജീവിതത്തെ സാരമായി ബാധിച്ചിരുന്നു.
ബിസിനസില്‍ കൂടെ ഉണ്ടായിരുന്നവര്‍ ചതിച്ചതോടെ അച്ഛന് നഷ്ടായത് 52 ലക്ഷം രൂപയാണ്. പ്രതിസന്ധി ഘട്ടത്തില്‍ ആരും അദ്ദേഹത്തിനൊപ്പം നിന്നില്ല. തന്റെ സ്വര്‍ണം വിറ്റ് അച്ഛന്റെ കടങ്ങള്‍ തീര്‍ക്കാന്‍ മായ സഹായിച്ചു. തന്റെ സമ്പാദ്യമെല്ലാം മായ അച്ഛനു നല്‍കി. സ്വത്തെല്ലാം വിറ്റു. പക്ഷെ കടവും ബാധ്യതകളും തീര്‍ന്നില്ല. അങ്ങെനെയിരിക്കെ ഒരു ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും രാവിലെ ഇറങ്ങിയ അച്ഛന്‍, മതിലിനോട് ചേര്‍ന്നുള്ള റെയിലില്‍ തൂങ്ങി മരിക്കുകയായിരുന്നു.
ജീവിതത്തില്‍ ആകെ തകര്‍ന്നു നില്‍ക്കുന്ന സമയത്താണ് മായയെ തേടി വിപിന്‍ എത്തുന്നത്. അച്ഛനുണ്ടായിരുന്ന സമയത്തും വിപിന്‍ വിവാഹാലോചനയുമായി വന്നിരുന്നുവെങ്കിലും അന്ന് വിവാഹത്തിന് മായയും വീട്ടുകാരും തയ്യാറായിരുന്നില്ല. ഒരു മാലം പോലും വാങ്ങി നല്‍കാനില്ലെന്ന് പറഞ്ഞായിരുന്നു അവര്‍ ആലോചന നിരസിച്ചത്. പക്ഷെ എല്ലാം നഷ്ടപ്പെട്ടു നില്‍ക്കുമ്പോഴും തന്നെ സ്‌നേഹിക്കുവാന്‍ വിപിന് സാധിക്കുന്നുണ്ടെന്നത് മായയുടെ മനസ് മാറ്റി. അവര്‍ വിവാഹിതരായി.
പതിയെ മായ ജീവിതം തിരികെ പിടിച്ചു. 12 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മിഴി രണ്ടിലും എന്ന പരമ്പരയിലൂടെ 2023 ല്‍ മായ തിരിച്ചുവന്നു. അഭിനയത്തില്‍ സജീവമായി. മകളായിരുന്നു അമ്മയെ തിരിച്ചുവരാന്‍ പ്രോത്സാഹിപ്പിച്ചത്.

















