ആലപ്പുഴ: കേരള മുഖ്യമന്ത്രി ആരാണെന്നതിൽ നിർണായക ചർച്ചകൾ നടക്കുന്നതിനിടെ, വി ഡി സതീശന്റെ പേരിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജ. ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലാണ് സതീശന്റെ പേരിൽ പേരിൽ ശത്രുസംഹാരപൂജ നടത്തിയത്. ചതയം നക്ഷത്രപ്രകാരമാണ് വഴിപാട് സമർപ്പിച്ചത്.
സംസ്ഥാനത്തെ മുഖ്യമന്ത്രി പദവിയിലേക്ക് സതീശന് അനൂകൂലമായ തീരുമാനം ഉണ്ടാകുവാൻ വേണ്ടിയാണ് അനുയായികൾ ക്ഷേത്രത്തിൽ വഴിപാട് നടത്തിയത്. കഴിഞ്ഞ ദിവസം ആലുവ മഹാദേവ ക്ഷേത്രത്തിലും പ്രത്യേക പൂജകളും നടന്നിരുന്നു. ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം തുടങ്ങിയ വിപുലമായ വഴിപാടുകളാണ് സതീശന് വേണ്ടി നടത്തിയത്.
സതീശനും വേമ്ടി ക്രിസ്ത്യൻ ദേവാലയങ്ങളിലും പ്രവര്‍ത്തകര്‍ വഴിപാടുകൾ നടത്തിയിട്ടുണ്ട്. കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിലും മർത്ത മറിയം വലിയ പള്ളിയിലുമാണ് സതീശന്‍റെ പേരിൽ വഴിപാട് നടത്തിയത്. ചെറിയ പള്ളിയിൽ ഒറ്റ കുർബാന സ്പെഷ്യലും, വലിയ പള്ളിയിൽ കെടാവിളക്കിനുമാണ് പണം അടച്ചത്.കരുനാഗപ്പള്ളി ഷെയ്ഖ് മസ്ജിദിലും സതീശനും വേണ്ടി അനുയായികൾ പട്ടും തിരിയും നൽകി നേർച്ച നടത്തി. തഴവയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നേർച്ച നടത്തിയത്. “നിലപാടിന്റെ രാജകുമാരന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡുകളും കയ്യിലേന്തിയാണ് അനുയായികൾ എത്തിയത്. സംഘമായി എത്തിയ പ്രവർത്തകർ മസ്ജിദിൽ പട്ടുസമർപ്പിക്കുകയും തിരി തെളിക്കുകയും ചെയ്ത് നേതാവിനായി പ്രാർത്ഥിച്ചു.




















