സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി: ധവളപത്രം തയ്യാറാക്കാന്‍ പ്രത്യേക സമിതിയായി, ഡോ. കെ എം ചന്ദ്രശേഖരന്‍ ചെയര്‍മാന്‍

May 19, 2026

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു. മുന്‍ കാബിനറ്റ് സെക്രട്ടറി ഡോ. കെ എം ചന്ദ്രശേഖരന്‍ സമിതിയുടെ ചെയര്‍മാനും ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ കണ്‍വീനറുമാണ്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ധനകാര്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. സാമ്പത്തിക വിദഗ്ധന്‍ ഡോ. നാരായണ, സിഡിഎസ് ഡയറയക്ടര്‍ ഡോ.വീരമണി എന്നിവരാണ് സമിതി അംഗങ്ങള്‍. അധികാരമേറ്റെടുത്തതിന് പിന്നാലെ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങളിലൊന്നായിരുന്നു സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയുള്ള ധവളപത്രം പുറത്തിറക്കുമെന്നത്. ഇക്കാര്യത്തിലാണ് പ്രത്യേക സമിതിയെ രൂപീകരിച്ചിരിക്കുന്നത്.

നാലംഗ സമിതി എത്രയും വേഗം ദൗത്യം പൂര്‍ത്തീകരിക്കണമെന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം. അതിനിടെ ഇന്ന് കിഫ്ബി മേധാവി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതല വഹിക്കുന്ന മിനി ആന്റണിയും ഉന്നത ഉദ്യോഗസ്ഥരുമാണ് മുഖ്യമന്ത്രിയെ കണ്ടത്. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സമഗ്ര അവലോകനം മുഖ്യമന്ത്രി നടത്തും.

cake tower new
LATEST NEWS