ഡല്‍ഹി: ഭാര്യയോട് ദിവസങ്ങളോളം സംസാരിച്ചില്ലെന്ന ഒറ്റക്കാരണത്താല്‍ ഭര്‍ത്താവിനെ ശിക്ഷിക്കാനാകില്ലെന്ന് സുപ്രീംകോടതി. വിവാഹജീവിതത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും അത് പങ്കാളികള്‍ തമ്മില്‍ ആശയവിനിമയം ഇല്ലാതാകുന്നതിന് കാരണമായേക്കാമെന്നും നിരീക്ഷിച്ച കോടതി ഭര്‍ത്താവിനെതിരെയുള്ള ആത്മഹത്യാ പ്രേരണകുറ്റം ഒഴിവാക്കി.
ദിവസങ്ങളോളം സംസാരിക്കാതെ ഭാര്യയോട് ക്രൂരത കാണിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 (എ) വകുപ്പ് പ്രകാരം ഭര്‍ത്താവിന് വിചാരണക്കോടതിയും മദ്രാസ് ഹൈക്കോടതിയും വിധിച്ച മൂന്ന് വര്‍ഷത്തെ തടവുശിക്ഷ ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അതുല്‍ എസ് ചന്ദ്പൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി. ഭര്‍ത്താവ് 13 ദിവസമായി സംസാരിക്കാത്തതിനെത്തുടര്‍ന്നാണ് ഭാര്യ ആത്മഹത്യ ചെയ്തതെന്നായിരുന്നു കേസ്.
13 ദിവസത്തേയ്ക്ക് ആശയവിനിമയം നടത്താതിരുന്നതില്‍ വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ഈ കേസ് ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് ഒരിക്കലും കരുതാനാകില്ലെന്ന് കോടതി പറഞ്ഞു. ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്തെങ്കിലും വഴക്കുണ്ടായ കേസ് പോലുമല്ല ഇതെന്നും ഭര്‍ത്താവിനെതിരെയുള്ള ക്രൂരതയുടെ ആരോപണം തെളിയിക്കാന്‍ ആവശ്യമായ തെളിവുകളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളില്‍ ഒരു സ്ത്രീയെ ആത്മഹത്യയിലേക്ക് നയിക്കാനോ, പരിക്കേല്‍പ്പിക്കാനോ, മാനസികാരോഗ്യത്തിന് അപകടമുണ്ടാക്കാനോ തക്ക ഗൗരവമുള്ളതാണോ ആ പ്രവൃത്തിയെന്ന് നിരീക്ഷിത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
സ്വന്തം വീട്ടില്‍ വെച്ചാണ് യുവതി തൂങ്ങിമരിച്ചത്. വിവാഹസമയത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ 3 ലക്ഷം രൂപയും 20 പവന്‍ സ്വര്‍ണാഭരണങ്ങളും മറ്റ് സാധനങ്ങളും നല്‍കിയിരുന്നതായി ആരോപണമുണ്ട്. ഭര്‍ത്താവ് പലപ്പോഴും മാതാപിതാക്കളില്‍ നിന്ന് പണം വാങ്ങാന്‍ ആവശ്യപ്പെട്ടിരുന്നതായും, ഭര്‍തൃവീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.
ഭര്‍തൃവീട്ടുകാരുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി സ്വന്തം വീട്ടിലേക്ക് പോയതിന് ഭര്‍ത്താവ് യുവതിയെ ശകാരിച്ചതായും ഫോണില്‍ സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്നും പ്രൊസിക്യൂഷന്‍ ആരോപിച്ചു. സംസാരിക്കാതിരിക്കുന്നത് യുവതിക്ക് കടുത്ത മാനസിക വിഷമമുണ്ടാക്കിയെന്നും ഇതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നുമായിരുന്നു കേസ്. ഈ ആരോപണങ്ങളെത്തുടര്‍ന്ന് ഭര്‍ത്താവ്, ഭര്‍ത്താവിന്റെ അച്ഛന്‍, അമ്മ, രണ്ട് സഹോദരന്മാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ഐപിസി 498-എ (ഭാരതീയ ന്യായ് സംഹിത സെക്ഷൻ 85), 304- എ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ആളും ഉണ്ട്.
ഹൈക്കോടതി വിചാരണക്കോടതിയുടെ വിധി ശരിവെക്കുകയും 498(എ) വകുപ്പ് പ്രകാരമുള്ള ശിക്ഷ നിലനിര്‍ത്തുകയും ചെയ്തു. ഭര്‍ത്താവ് സമര്‍പ്പിച്ച ക്രിമിനല്‍ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഭര്‍ത്താവ് ഫോണില്‍ സംസാരിക്കാന്‍ വിസമ്മതിച്ചതും, ഭര്‍തൃവീട്ടുകാരെ അറിയിക്കാതെ സ്വന്തം വീട്ടിലേക്ക് പോയതിലുള്ള അതൃപ്തിയുമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന പ്രോസിക്യൂഷന്‍ വാദമാണ് 498-എ പ്രകാരമുള്ള ശിക്ഷയ്ക്ക് കാരണമായതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ആരോപണങ്ങള്‍ സംശയരഹിതമായി തെളിയിക്കേണ്ടത് പ്രോസിക്യൂഷന്റെ ഉത്തരവാദിത്തമാണെന്ന് ബെഞ്ച് ആവര്‍ത്തിച്ചു. പ്രത്യേകിച്ച് ഐപിസി 498-എ വകുപ്പ് ഉള്‍പ്പെടുന്ന കേസുകളില്‍, നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത പ്രതിക്കല്ല. വിചാരണക്കോടതിയുടെയും ഹൈക്കോടതിയുടെയും കണ്ടെത്തലുകള്‍ പ്രകാരം, പാസ്പോര്‍ട്ട് നടപടികള്‍ പൂര്‍ത്തിയാകാത്തതിനാലും വിസ ലഭിക്കാത്തതിനാലും യുവതിക്ക് ഭര്‍ത്താവിനൊപ്പം മസ്‌കറ്റിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. സാഹചര്യ തെളിവുകളുടെ അഭാവത്തില്‍, മരിച്ചയാളോട് പതിമൂന്ന് ദിവസത്തേക്ക് ആശയവിനിമയം നടത്താതിരുന്നത് കൊണ്ടുമാത്രം ഈ കേസില്‍ ക്രൂരതയുടെ പരിധിയില്‍ പെടുത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.




















