ഇന്ത്യയുടെ E20 ഇന്ധനം വേണ്ടെന്ന് പറഞ്ഞതായി ഭൂട്ടാന്‍ പത്രം, ഓഫര്‍ നല്‍കിയില്ലെന്ന് കേന്ദ്രം; വിവാദം

Jul 6, 2026

ന്യൂഡല്‍ഹി: എഥനോള്‍ മിശ്രിത ഇന്ധന (E20) പദ്ധതിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദം ഇന്ത്യന്‍ സര്‍ക്കാരും ഭൂട്ടാനിലെ പ്രമുഖ മാധ്യമവും തമ്മിലുള്ള പുതിയ വാദപ്രതിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഭൂട്ടാന് E20 പെട്രോള്‍ വിതരണം ചെയ്യാന്‍ ഇന്ത്യയിലെ ഓയില്‍ കമ്പനികള്‍ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരുന്നോ ഇല്ലയോ എന്നതിനെച്ചൊല്ലിയാണ് ഇരുപക്ഷവും തമ്മില്‍ തര്‍ക്കം മുറുകുന്നത്. ‘ദി ഭൂട്ടാനീസ്’ എന്ന പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് ഇന്ത്യയുടെ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം പൂര്‍ണ്ണമായും തള്ളിയിരുന്നു. ഭൂട്ടാന് E20 പെട്രോള്‍ നല്‍കാന്‍ ഇന്ത്യയിലെ ഒരു എണ്ണക്കമ്പനിയും തയ്യാറായിട്ടില്ലെന്നും അത്തരമൊരു കയറ്റുമതി നിര്‍ദ്ദേശത്തിന് ഔദ്യോഗിക രൂപം നല്‍കിയിട്ടില്ലെന്നുമാണ് ഇന്ത്യയുടെ വാദം.

എന്നാല്‍, ഇതിന് പിന്നാലെ പത്രത്തിന്റെ എഡിറ്ററായ ടെന്‍സിങ് ലാംസാങ് തന്റെ റിപ്പോര്‍ട്ടിനെ ന്യായീകരിച്ച് രംഗത്തെത്തി. ഭൂട്ടാന്‍ വാണിജ്യ വകുപ്പില്‍ നിന്ന് തനിക്ക് ലഭിച്ച ഔദ്യോഗിക രേഖകള്‍ ലാംസാങ് എക്‌സിലൂടെ പുറത്തുവിട്ടു. ഇന്ത്യയില്‍ നിന്ന് E20 പെട്രോള്‍ ഇറക്കുമതി ചെയ്യുന്നില്ലെന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നതാണ് ഈ കത്ത്. അന്തരീക്ഷത്തിലെ ഈര്‍പ്പം പെട്ടെന്ന് വലിച്ചെടുക്കുന്ന സ്വഭാവം ഉള്ളതിനാല്‍ ഇത്തരത്തിലുള്ള ഇന്ധനത്തില്‍ വെള്ളം കലരാന്‍ സാധ്യത കൂടുതലാണെന്നും ഇത് ഇന്ധനത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ഭൂട്ടാന്‍ വാണിജ്യ വകുപ്പ് വ്യക്തമാക്കുന്നു. കൂടാതെ തങ്ങളുടെ നിലവിലുള്ള ഭൂഗര്‍ഭ സംഭരണ ടാങ്കുകള്‍ എഥനോള്‍ മിശ്രിത ഇന്ധനം കൈകാര്യം ചെയ്യാന്‍ അനുയോജ്യമല്ലെന്നും, അതിനാല്‍ സാധാരണ പെട്രോള്‍ തന്നെ വിതരണം ചെയ്യുന്നത് തുടരണമെന്ന് ഇന്ത്യന്‍ കമ്പനികളോട് അഭ്യര്‍ഥിച്ചിരുന്നതായും ഭൂട്ടാന്‍ സര്‍ക്കാര്‍ കത്തില്‍ പറയുന്നു.

ഇന്ത്യന്‍ ഇന്ധന വിതരണക്കാരോട് സാധാരണ പെട്രോള്‍ നല്‍കുന്നത് തുടരാന്‍ ഭൂട്ടാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതായി ഭൂട്ടാന്റെ ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുമ്പോള്‍, അത്തരമൊരു ഓഫര്‍ ഭൂട്ടാന് മുന്നില്‍ വെച്ചിട്ടേ ഇല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഭൂട്ടാന്‍ ഇന്ത്യയുടെ ഇന്ധന കയറ്റുമതി നിര്‍ദ്ദേശം നിരസിച്ചു എന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഞായറാഴ്ച പെട്രോളിയം മന്ത്രാലയം പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ ഈ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകം, ഇന്ത്യന്‍ കമ്പനികള്‍ ഇത്തരമൊരു വാഗ്ദാനം നല്‍കിയിരുന്നതായും തങ്ങള്‍ അത് നിരസിച്ച് സാധാരണ പെട്രോള്‍ ആവശ്യപ്പെട്ടതായും ഭൂട്ടാന്‍ വാണിജ്യ വകുപ്പ് വ്യക്തമാക്കിയ കത്ത് പുറത്തുവിട്ട് ലാംസാങ് പത്രത്തിലെ വാര്‍ത്ത സത്യമാണെന്ന് വാദിക്കുകയാണ്.

ഇന്ത്യയില്‍ തന്നെ E20 പെട്രോള്‍ വിതരണം ചെയ്യുന്നതിനെതിരെ, വാഹന ഉടമകള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്ന സമയത്താണ് പുതിയ വിവാദം പുകയുന്നത്. ഇന്ധനക്ഷമത കുറയുമെന്നും എന്‍ജിന്‍ പെട്ടെന്ന് കേടാകുമെന്നുമാണ് ചില ഉപഭോക്താക്കളുടെ പരാതി. എന്നാല്‍ എഥനോള്‍ മിശ്രിത ഇന്ധനം പരിസ്ഥിതിക്കും രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയ്ക്കും ഗുണം ചെയ്യുമെന്നും മൈലേജില്‍ നേരിയ കുറവുണ്ടാകാമെങ്കിലും എന്‍ജിന്‍ പെര്‍ഫോമന്‍സ് മെച്ചപ്പെടുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

cake tower new
LATEST NEWS
പി എസ് സി പരീക്ഷാ ക്രമക്കേട്: ആഭ്യന്തര വിജിലന്‍സ് എസ്പി അന്വേഷിക്കും; പരീക്ഷാ കണ്‍ട്രോളറുടെ അന്വേഷണം അവസാനിപ്പിച്ചു

പി എസ് സി പരീക്ഷാ ക്രമക്കേട്: ആഭ്യന്തര വിജിലന്‍സ് എസ്പി അന്വേഷിക്കും; പരീക്ഷാ കണ്‍ട്രോളറുടെ അന്വേഷണം അവസാനിപ്പിച്ചു

തിരുവനന്തപുരം: വിവാദമായ പിഎസ്സി പരീക്ഷാ ക്രമക്കേട് ആഭ്യന്തര വിജിലന്‍സ് എസ്പി അന്വേഷിക്കും. പരീക്ഷാ...