പുൽപള്ളി : മഴയുടെ ആദ്യ കുത്തൊഴുക്കിനായി കാത്തിരിക്കുന്നത് കർഷകർ മാത്രമല്ല. കബനിയുടെയും അനുബന്ധ തോടുകളുടെയും തീരങ്ങളിൽ വലയും ചൂണ്ടയുമായി നിൽക്കുന്ന നൂറുകണക്കിന് ആളുകളുമാണ്. കാലവർഷം ശക്തമാകുന്നതോടെ മലമുകളിലെ വൃഷ്ടിപ്രദേശങ്ങളിൽനിന്ന് കലക്കവെള്ളം പുഴയിലിറങ്ങും. അതിനൊപ്പമാണ് മത്സ്യങ്ങളും ഒഴുകിയെത്തുന്നത്. അതുകൊണ്ടുതന്നെ മഴ തുടങ്ങിയാൽ കബനിയുടെ തീരങ്ങൾ പതിവായി മറ്റൊരു ലോകമാകും.
ഇത്തവണ ആ കാഴ്ച അൽപം വൈകിയാണ് മടങ്ങിയെത്തിയത്. ജൂൺ പിന്നിട്ട ശേഷമാണ് കബനിയുടെ വൃഷ്ടിപ്രദേശങ്ങളിൽ കാര്യമായ മഴ ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയോടെ പുഴയിലേക്ക് കലക്കവെള്ളം എത്തിയതോടെ ശനിയാഴ്ച മുതൽ വിവിധ കടവുകൾ വീണ്ടും സജീവമായി. രാത്രിയും പകലുമായി വലയെറിയുന്നവരുടെ എണ്ണം കൂടുകയാണ്. മാസങ്ങൾക്കു മുൻപേ മീൻപിടിത്തത്തിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി തട്ടടിച്ചുവച്ചവരും സ്ഥിരം സംഘങ്ങളായി എത്തുന്നവരും നേരത്തേ തന്നെ സ്ഥാനമുറപ്പിച്ചിരുന്നു.
പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള കബനിക്കരയിൽ ഇപ്പോൾ വലകളുടെ നിരയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹനങ്ങളിലെത്തുന്നവർ പുഴയോരത്ത് താൽക്കാലിക ടെന്റുകൾ കെട്ടി ദിവസങ്ങളോളം തങ്ങിയാണ് മീൻപിടിത്തം നടത്തുന്നത്. ഭക്ഷണം പാകം ചെയ്യുന്നതും വിശ്രമിക്കുന്നതും എല്ലാം പുഴക്കരയിൽത്തന്നെ. മറുകരയിലെ കർണാടകയിലെ ബൈരക്കുപ്പ പഞ്ചായത്തിൽ നിന്നുള്ളവരും കൊട്ടത്തോണികളും വലകളുമായി വിവിധ കടവുകളിൽ സജീവമാണ്.

















