കൊച്ചി: സന്നിധാനത്ത് തിരക്ക് കൂടുതലായതിനാല്‍ ശബരിമലയിലേക്കുള്ള യാത്ര ഏതാനും മണിക്കൂറുകള്‍ വൈകിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് ഒരു സന്ദേശം വരുന്നു; അല്ലെങ്കില്‍ കിലോമീറ്ററുകള്‍ നീളുന്ന വരിയില്‍ നില്‍ക്കാതെ, ഒരു കൗണ്ടറിലെത്തി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് നിമിഷങ്ങള്‍ക്കകം അരവണ പ്രസാദം വാങ്ങി മടങ്ങുന്നു- ഈ കാഴ്ചകള്‍ ഉടന്‍ തന്നെ യാഥാര്‍ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ നവീകരണത്തിനാണ് ദേവസ്വം ബോര്‍ഡ് തുടക്കം കുറിച്ചിരിക്കുന്നത്.
റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. സന്തോഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര ‘പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്’ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ശബരിമല ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 1,250 ഓളം ക്ഷേത്രങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം പുതിയ ഡിജിറ്റല്‍ ശൃംഖലയുടെ കീഴിലേക്ക് വരും. ഭക്തരുടെ ബുദ്ധിമുട്ടുകള്‍ പൂര്‍ണമായും ഒഴിവാക്കി എല്ലാ സേവനങ്ങളും സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് ഡോ. സന്തോഷ് ബാബു ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസി’നോട് പറഞ്ഞു.
താമസം ബുക്ക് ചെയ്യല്‍, വഴിപാടുകള്‍, ബില്ലിങ്, സ്റ്റോക്ക് വിവരങ്ങള്‍, പര്‍ച്ചേസ്, ഫിനാന്‍സ് എന്നിവയെല്ലാം ഇനി ഒരൊറ്റ പ്ലാറ്റ്ഫോമിന് കീഴില്‍ വരും. ആദ്യഘട്ടത്തില്‍ ശബരിമലയ്ക്കാണ് മുന്‍ഗണന. ‘നിലവില്‍ തീര്‍ത്ഥാടകര്‍ പലപ്പോഴും ദര്‍ശന സമയത്തിന് 6 മുതല്‍ 8 മണിക്കൂര്‍ മുന്‍പ് തന്നെ യാത്ര തിരിക്കാറുണ്ട്. ഇത് വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിനും തിരക്കിനും കാരണമാകുന്നു. ഇനി മുതല്‍ ഭക്തര്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ അവരുടെ യാത്ര നിയന്ത്രിക്കാന്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സാധിക്കും. സന്നിധാനത്തെ തിരക്ക് അനുസരിച്ച്, യാത്ര അല്പം വൈകിപ്പിക്കാന്‍ ഭക്തര്‍ക്ക് നിര്‍ദ്ദേശം നല്‍കാനാകും.’ -ഡോ. സന്തോഷ് ബാബു വ്യക്തമാക്കി. വിമാനത്താവളങ്ങളിലെ ‘ഡിജി യാത്ര’ സംവിധാനത്തിന് സമാനമായി ഭക്തര്‍ക്ക് തടസ്സമില്ലാത്ത ദര്‍ശനാനുഭവം ശബരിമലയില്‍ ഒരുക്കുകയാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വഴിപാട് ബില്ലുകള്‍ക്കായി ഇനി വരി നില്‍ക്കേണ്ടി വരില്ല. ഓണ്‍ലൈനായി പണമടച്ച ശേഷം ലഭിക്കുന്ന ക്യുആര്‍ കോഡ് കൗണ്ടറില്‍ കാണിച്ച് പ്രസാദം വാങ്ങാം. പണം, യുപിഐ ഉള്‍പ്പെടെ എല്ലാത്തരം ഡിജിറ്റല്‍ പേയ്മെന്റുകളും ഇതിനായി ഉപയോഗിക്കാം. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് അരവണയും അപ്പവും വേഗത്തില്‍ വിതരണം ചെയ്യുന്നതിനായി എടിഎം മാതൃകയിലുള്ള ‘ഓട്ടോമേറ്റഡ് വെന്‍ഡിങ് മെഷീനുകള്‍’ സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലാണ്.
തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ മാത്രമല്ല, ദേവസ്വം ബോര്‍ഡിന്റെ ആഭ്യന്തര കാര്യങ്ങളും പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യും. ശര്‍ക്കര, നെയ്യ് തുടങ്ങിയ സാധനങ്ങള്‍ വാങ്ങുന്നതും, അക്കൗണ്ട്‌സ്, ജീവനക്കാരുടെ വിവരങ്ങള്‍, ലേല നടപടികള്‍, നിയമപരമായ രേഖകള്‍ എന്നിവയെല്ലാം കമ്പ്യൂട്ടര്‍വല്‍ക്കരിക്കും. ഇത് ഭരണത്തില്‍ സുതാര്യത കൊണ്ടുവരുകയും അഴിമതിക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്യും.
കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ച പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കോടതി നേരിട്ടാണ് നിരീക്ഷിക്കുന്നത്. 24 മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് ആദ്യവര്‍ഷം 33.25 കോടി രൂപയും, ആകെ ചിലവ് 70 കോടി രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. മാറ്റങ്ങളെ എല്ലാവരും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ മടിക്കുന്നത് ഒരു വെല്ലുവിളിയാണെങ്കിലും, ഈ പദ്ധതിക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ നല്‍കുന്ന പിന്തുണ വലിയ കരുത്താണെന്ന് സന്തോഷ് ബാബു പറഞ്ഞു. വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് മുന്‍പായി ശബരിമലയിലെ പ്രധാന ഡിജിറ്റല്‍ മാറ്റങ്ങള്‍ നടപ്പാക്കാനാണ് ടീമിന്റെ ശ്രമം.
















