മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നതോടെ മൂന്നാറിലേക്കുള്ള യാത്ര വലിയ പ്രതിസന്ധിയിൽ. മൂന്നാർ ടൗണിലേക്കും ദേശീയപാത വഴി മറ്റ് പ്രദേശങ്ങളിലേക്കും കടന്നുപോകാൻ ഇപ്പോൾ പൊലീസ് സ്റ്റേഷന് സമീപമുള്ള ചെറിയ പാലം മാത്രമാണ് ഏക ആശ്രയം. ഇതോടെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. പാലത്തിന്റെ അപകടസാധ്യതയും പഴക്കവും കണക്കിലെടുത്ത് ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടത്തിവിടുന്നില്ല. ചെറിയ വാഹനങ്ങൾക്ക് മാത്രമാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്.

ഇടുങ്ങിയ പാലവും അതിന്റെ തകർന്ന കൈവരികളും യാത്രക്കാരുടെ ജീവന് വലിയ ഭീഷണിയുയർത്തുന്നുണ്ട്. വളരെ കുറച്ച് വാഹനങ്ങൾക്ക് മാത്രമേ ഒരേ സമയം ഇതുവഴി കടന്നുപോകാൻ സാധിക്കൂ എന്നതിനാൽ ഗതാഗതം നിയന്ത്രിക്കാൻ പൊലീസും ഏറെ പാടുപെടുകയാണ്. സാധാരണക്കാരും സ്കൂൾ വിദ്യാർത്ഥികളും ജോലിക്കാരും രോഗികളുമാണ് ഈ നിയന്ത്രണങ്ങൾ കാരണം ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. അടിയന്തര ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകൾ വരെ മിനിറ്റുകളോളം ഈ വഴിയിലെ വൻ കുരുക്കിൽപ്പെടുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
ഇനിയും മഴ ശക്തമായാൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുന്ന അവസ്ഥയുണ്ടാകുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു. അപകടഭീഷണിയിലുള്ള പ്രദേശങ്ങളിലെ സുരക്ഷ ഉറപ്പാക്കി ദേശീയപാതയിലെ തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.


















