ബംഗലൂരു: സര്‍ക്കാര്‍ പരിപാടികളിലെ വന്ദേമാതരം ആലാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം തള്ളിക്കളഞ്ഞ് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളില്‍ ഇനി മുതല്‍ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ നേരിട്ട് പങ്കെടുക്കുന്ന പരിപാടികളില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാരുകളുടെ ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് കര്‍ണാടക സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. പൊതുപരിപാടികളുടെ സമയദൈര്‍ഘ്യം ക്രമീകരിക്കുന്നതിന് വേണ്ടിയാണ് വന്ദേമാതര ആലാപനം രണ്ട് ഖണ്ഡികയില്‍ ചുരുക്കിയതെന്നാണ് ഡികെ ശിവകുമാര്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

1937ല്‍ കോണ്‍ഗ്രസ് സ്വീകരിച്ച ചരിത്രപരമായ നിലപാടിന്റെ തുടര്‍ച്ചയായാണ് രണ്ട് ഖണ്ഡികകള്‍ മാത്രം ആലപിക്കാന്‍ തീരുമാനിച്ചതെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. ദേശീയ ഗാനമായ ജനഗണമനക്ക് നല്‍കുന്ന നിയമപരമായ സംരക്ഷണം വന്ദേമാതരത്തിനും നല്‍കിക്കൊണ്ട് കേന്ദ്രം നിയമം പാസ്സാക്കിയിരുന്നു. തുടര്‍ന്നാണ് സംസ്ഥാനങ്ങളില്‍ ഔദ്യോഗിക പരിപാടികളിലും ചടങ്ങുകളിലും വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിക്കുകയോ പ്ലേ ചെയ്യുകയോ വേണമെന്ന് നിര്‍ദേശം നല്‍കിയത്.




















