ഡല്‍ഹി: ഗുരുഗ്രാമിലെ അഡിഡാസ് ഇന്ത്യ ടെക് ഹബ്ബില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നതായി കമ്പനി സ്ഥിരീകരിച്ചു. സോഫ്റ്റ്വെയര് എന്‍ജിനീയര്‍മാര്‍, ഡേറ്റ സയന്റിസ്റ്റുകള്‍, ഡേറ്റ എന്‍ജിനീയര്‍മാര്‍ എന്നിവരെ ഉള്‍പ്പെടെയാണ് പിരിച്ചുവിടല്‍ ബാധിക്കുന്നത്. ഇന്ത്യയിലെ തങ്ങളുടെ ടെക്നോളജി വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതായി അഡിഡാസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, കൃത്യമായി എത്ര പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

മാറിവരുന്ന ബിസിനസ് സാഹചര്യങ്ങള്‍ക്ക് അനുസൃതമായി തങ്ങളുടെ പ്രവര്‍ത്തന രീതി മാറ്റുന്നതിന്റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്ന കഠിനമായ തീരുമാനം എടുത്തതെന്ന് അഡിഡാസ് വ്യക്തമാക്കി. ഗുരുഗ്രാമിലെ അഡിഡാസ് ടെക് ഹബ്ബില്‍ ആകെ ഉണ്ടായിരുന്ന എഴുന്നൂറോളം ജീവനക്കാരില്‍ ഏകദേശം 350ലധികം പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 15ന് നടന്ന ടൗണ്‍ ഹാള്‍ യോഗത്തിലാണ് ജീവനക്കാരെ ഈ വിവരങ്ങള്‍ അറിയിച്ചത്.
ജോലി നഷ്ടമാകുന്ന ജീവനക്കാരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ചിലര്‍ക്ക് അന്ന് തന്നെ പിരിച്ചുവിടല്‍ കത്തുകള്‍ ലഭിച്ചു. മറ്റേ വിഭാഗത്തോട് ഡിസംബര്‍ വരെ കമ്പനിയില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സഹപ്രവര്‍ത്തകര്‍ക്ക് ചുമതലകള്‍ കൈമാറുന്നതോടൊപ്പം കമ്പനിക്കുള്ളില്‍ മറ്റ് തൊഴിലവസരങ്ങള്‍ കണ്ടെത്താനും ഇവര്‍ക്ക് സമയം നല്‍കിയിട്ടുണ്ട്. ഡിസംബറിനുള്ളില്‍ പുതിയ റോള്‍ കണ്ടെത്താത്ത ജീവനക്കാരുടെ അവസാന പ്രവൃത്തിദിനം ഡിസംബര്‍ 15 ആയിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സെവറന്‍സ് പാക്കേജ് (നഷ്ടപരിഹാരം), നോട്ടീസ് പേ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അഡിഡാസിന്റെ ഗ്ലോബല്‍ എന്‍ജിനീയറിങ് ടെക് ഹബ്ബുകളില്‍ ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്നാണ് ഗുരുഗ്രാമിലേത്. സമീപകാലത്ത് കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിച്ചിരുന്നു. 2024ല്‍ ചെന്നൈയില്‍ പുതിയ ഗ്ലോബല്‍ ബിസിനസ് സര്‍വീസ് സെന്റര്‍ തുറക്കുകയും ചെയ്തു. ബിസിനസ് മെച്ചപ്പെടുത്താന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് കൂട്ടപ്പിരിച്ചുവിടല്‍.




















