തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിങ് സേവന മേഖലയിൽ 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. സെപ്റ്റംബർ 16ന് ഇന്റലിജൻസ് & എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ സംയുക്തമായാണ് പരിശോധനകൾ നടത്തിയത്.
റെയിൽവേ പരിസരങ്ങളിൽ പാർക്കിങ് സേവനം നൽകുന്ന 22 നികുതിദായകരുടെ പ്രധാന വ്യാപാരസ്ഥലങ്ങൾ, അധിക വ്യാപാരസ്ഥലങ്ങൾ, വസതികൾ എന്നിവയുൾപ്പെടെ 69 സ്ഥലങ്ങളിലായിരുന്നു പരിശോധന. പാർക്കിങ് സേവനങ്ങളിൽ നിന്നുള്ള യഥാർത്ഥ ടേൺ ഓവറിനേക്കാൾ ഗണ്യമായി കുറഞ്ഞ തുകയാണ് റിട്ടേണുകളിൽ കാണിച്ചിരുന്നതെന്ന് പരിശോധനയിൽ വ്യക്തമായി. കൂടാതെ, ഒന്നിലധികം ക്യു ആർ കോഡുകൾ ഉപയോഗിച്ചുള്ള പണമിടപാടുകളും ഇത്തരത്തിൽ കണ്ടെത്തിയിട്ടുണ്ട്.
42 കോടി രൂപയുടെ ടേൺഓവർ വെട്ടിപ്പും 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പും നടന്നിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. 13 നികുതിദായകരുടെ വിവരങ്ങൾ സോഫ്റ്റ്‌വെയറുകളിൽ നിന്നും മറ്റുള്ളവരുടേത് രജിസ്റ്ററുകൾ, ബുക്കുകൾ, മൊബൈൽ ചാറ്റുകൾ എന്നിവയിൽ നിന്നും ശേഖരിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകൾക്ക് പുറമെ കെ.എസ്.ആർ.ടി.സി, ആശുപത്രികൾ, മാളുകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിലെ ആയിരത്തിലധികം വാഹന പാർക്കിംഗുകളുടെ വിവരങ്ങൾ സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം ശേഖരിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്ക് ഇത്തരത്തിലുള്ള നികുതി വെട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ inform.sgst@kerala.gov.in എന്ന വിലാസത്തിൽ അറിയിക്കാവുന്നതാണെന്നും, നികുതി വെട്ടിപ്പ് നടത്തുന്നവർക്കെതിരെ അന്വേഷണവും നടപടികളും കർശനമായി തുടരുമെന്നും സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അറിയിച്ചു.


















