കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ ഏഴിമല നാവിക അക്കാദമിയിൽ വ്യാജ രേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശുകാരന് പിടിയിൽ. ഇന്ത്യൻ പൗരനെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ ഇയാളിൽ നിന്നു പിടിച്ചെടുത്തു. വ്യാജ ആധാർ കാർഡിൽ ബിപ്ലബ് സോറൻ (32) എന്ന പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബംഗാൾ മുർഷിദാബാദ് പൊലീസിന്റെ പേരിലുള്ള വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഇയാൾ ഹാജരാക്കിയിരുന്നു. ഒരു വർഷമായി നാവിക സേനയുടെ ലോൺട്രി വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ.

രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ് ബംഗ്ലാദേശ് പൗരനെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ദിവസം കണ്ണൂർ നഗരത്തിൽ വ്യാജ രേഖകളുമായി സ്പായിൽ ജോലി ചെയ്തിരുന്ന അഞ്ച് ബംഗ്ലാദേശ് യുവതികളെ കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷം പൊലീസ് വ്യാപകമായ പരിശോധനയാണ് നടത്തുന്നത്.




















