തുടക്കം ഗംഭീരം; ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ജപ്പാനെതിരെ ഇന്ത്യക്ക് ഏകപക്ഷീയ വിജയം

Sep 21, 2026

seena

നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ കബഡിയില്‍ കിരീടം നിലനിര്‍ത്താനുള്ള ഇന്ത്യയുടെ പോരാട്ടത്തിന് തകര്‍പ്പന്‍ തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ജപ്പാനെതിരെ ഏകപക്ഷീയമായ വിജയം സ്വന്തമാക്കിയാണ് നിലവിലെ ചാംപ്യന്മാരുടെ കുതിപ്പ്. ടോക്കായി സിറ്റിസണ്‍സ് ജിംനേഷ്യത്തില്‍ നടന്ന മത്സരത്തില്‍ 49-24 എന്ന സ്‌കോറിനാണ് ഇന്ത്യ ജപ്പാനു മേല്‍ മിന്നും വിജയം നേടിയത്.

സുനില്‍ കുമാറിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ സംഘം മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആധിപത്യം പുലര്‍ത്തി. അശു മാലികക്കിന്റെ സൂപ്പര്‍ റെയ്ഡ് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. സ്റ്റാര്‍ റെയ്ഡര്‍മാരായ അര്‍ജുന്‍ ദേശ്വാള്‍, ദേവാങ്ക് ദലാല്‍, അയാന്‍ ലോഹ്ചബ് എന്നിവരും ഇന്ത്യന്‍ മുന്നേറ്റത്തിന് പിന്തുണ നല്‍കി.

ആദ്യ പകുതിയില്‍ തന്നെ ഇന്ത്യ ജപ്പാനെ സമ്മര്‍ദ്ദത്തിലാഴ്ത്തി. ജപ്പാന്റെ റെയ്ഡിങ് നിരയെ വരിഞ്ഞുമുറുക്കിയ ഇന്ത്യ, ആദ്യ പകുതിയില്‍ മൂന്ന് തവണയാണ് ആതിഥേയരെ ഓള്‍ഔട്ട് ആക്കിയത്. ആദ്യ പകുതി അവസാനിച്ചപ്പോള്‍ 31-9 എന്ന വലിയ ലീഡോടെ ഇന്ത്യ വ്യക്തമായ മുന്‍തൂക്കം നേടി. ജപ്പാന് ആദ്യ പകുതിയില്‍ 5 ടച്ച് പോയിന്റുകളും 4 ബോണസ് പോയിന്റുകളും മാത്രമാണ് നേടാനായത്.

രണ്ടാം പകുതിയിലും ഇന്ത്യ തങ്ങളുടെ കരുത്തുറ്റ പ്രതിരോധം തുടര്‍ന്നു. നാലാം തവണയും ജപ്പാനെ ഓള്‍ ഔട്ട് ആക്കിയ ഇന്ത്യ, സമയോചിതമായ നീക്കങ്ങളിലൂടെ ജയമുറപ്പിച്ചു. തിരിച്ചുവരാനുള്ള ജപ്പാന്റെ ശ്രമങ്ങളെ ഇന്ത്യന്‍ പ്രതിരോധം സമര്‍ത്ഥമായി പ്രതിരോധിച്ചു. 49ല്‍ 36 പോയിന്റും റെയ്ഡുകളിലൂടെയും ഡിഫന്‍സിലൂടെയും നേരിട്ട് നേടിയാണ് ഇന്ത്യ ഗംഭീര ജയം സ്വന്തമാക്കിയത്.

cake tower new
LATEST NEWS