‘ക… മ… മിണ്ടരുത്’! മുഹമ്മദ് റിസ്‍വാനോട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

Sep 22, 2026

seena

ഇസ്ലാമബാദ്: പാകിസ്ഥാൻ ക്രിക്കറ്റിൽ മാസങ്ങളായി അരങ്ങേറുന്ന നാടകീയ സംഭവങ്ങളിലേക്ക് മറ്റൊന്നുകൂടി. ഓൺലൈൻ ചൂതാട്ടവും അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് പാക് താരങ്ങളായ മുഹമ്മദ് റിസ്‍‍വാനേയും ഇമാം ഉൾ ഹഖിനേയും പാകിസ്ഥാൻ സൈബർ ക്രൈം ഇൻവസ്റ്റി​ഗേഷൻ ഏജൻസി ഏതാണ്ട് രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ആരോപണങ്ങളുമായി ബന്ധപ്പെട്ട് തന്റെ ഭാ​ഗം പരസ്യമായി വിശദീകരിക്കാനുള്ള റിസ്‍‍വാന്റെ നീക്കം തടഞ്ഞിരിക്കുകയാണ് ഇപ്പോൾ മൊഹ്സിൻ നഖ്‍വി തലവനായ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്.

ഇം​ഗ്ലണ്ട് പര്യടനത്തിനിടെ അച്ചടക്ക നടപടിയുടെ ഭാ​ഗമായി പിസിബി നാട്ടിലേക്ക് അയച്ച ഏഴ് താരങ്ങളിൽ റിസ്‍വാനും ഇമാമും ഉൾപ്പെട്ടിരുന്നു. പിന്നാലെയാണ് ഓൺലൈൻ ചൂതാട്ടവുമായി ബന്ധപ്പെട്ട് സൈബർ ക്രൈം ഇൻവസ്റ്റി​ഗേഷൻ ഏജൻസി ഇരു താരങ്ങളേയും ചോദ്യം ചെയ്തത്.

പിസിബിയുടെ സെക്യൂരിറ്റി ടീം ഇരുവരുടേയും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. നിലവിൽ റിസ്‍വാന്റേയും ഇമാമിന്റേയും ഫോണുകൾ പിസിബി സെക്യൂരിറ്റി ടീമിന്റെ കസ്റ്റഡിയിൽ തന്നെയാണ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശദമായി പരിശോധിക്കുകയാണ്.

വിഷയത്തിൽ മാധ്യമങ്ങളെ കാണാനും പൊതുജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാനും റിസ്‍വാൻ രണ്ട് തവണ പിസിബിയോട് അനുമതി തേടിയെങ്കിലും ബോർഡ് രണ്ട് തവണയും താരത്തിന്റെ അഭ്യർഥന നിരസിച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് സ്വന്തം ഭാ​ഗം വിശദീകരിക്കാൻ താരം ആ​ഗ്രഹിച്ചിരുന്നു. നേരത്തെ വിഷയത്തിൽ താരം ഐസിസിക്ക് കത്തയച്ചിരുന്നു. അന്വേഷണ രീതികളിൽ വ്യക്തത തേടിയാണ് താരം ഐസിസിയുടെ ആന്റി കറപ്ഷൻ യൂണിറ്റിന് കത്തയച്ചത്. ഈ കത്ത് അയച്ചതിന്റെ കാരണം എന്താണെന്നും പരസ്യമായി വിശദീകരിക്കാൻ താരം ലക്ഷ്യമിട്ടിരുന്നു.

നിലവിൽ പാക് ക്രിക്കറ്റിലെ സെൻട്രൽ കോൺട്രാക്ട് ഉള്ള താരമാണ് റിസ്‍വാൻ. അതിനാൽ കരാറിന്റെ പരിധിയിൽ വരുന്ന വിഷയങ്ങളിൽ പരസ്യമായി പ്രതികരിക്കണമെങ്കിൽ താരങ്ങൾ ബോർഡിന്റെ മുൻകൂർ അനുമതി വാങ്ങണമെന്നാണ് പാക് ക്രിക്കറ്റ് നിയമം. ഇതനുസരിച്ചാണ് റിസ്‍വാൻ രണ്ട് തവണ പിസിബിയെ സമീപിച്ചത്. എന്നാൽ രണ്ട് അഭ്യർഥനകളും ബോർഡ് തള്ളി.

ബോർഡിനെതിരെ താരം തിരിയുമോ എന്ന ആശങ്കയാണ് അഭ്യർഥന നിരസിക്കാൻ കാരണമായി പണ്ഡിതർ വ്യാഖ്യാനിക്കുന്നത്. എന്നാൽ റിസ്‍വാൻ അത്തരമൊരു കാര്യത്തിലേക്ക് കടക്കില്ലെന്നും തന്റെ നിരപരാധിത്വം തെളിയിക്കുക മാത്രമാണ് ലക്ഷ്യമെന്നും താരത്തോടടുത്തവർ പറയുന്നു.

cake tower new
LATEST NEWS
പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; കേസ് രജിസ്റ്റര്‍ ചെയ്യും

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; കേസ് രജിസ്റ്റര്‍ ചെയ്യും

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി...