തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് പുതിയ ഫിഷിങ് ഹാര്‍ബര്‍ നിര്‍മ്മാണത്തിന് സര്‍ക്കാരിന്റെ ഭരണാനുമതി. പദ്ധതിയുടെ ഭാഗമായി 235 മീറ്റര്‍ നീളത്തില്‍ പുതിയ പുലിമുട്ട് നിര്‍മ്മിക്കും.

പദ്ധതിയുടെ നിര്‍മ്മാണ ചുമതല അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിനാണ് നല്‍കിയിരിക്കുന്നത്. പുതിയ ഹാര്‍ബര്‍ യാഥാര്‍ഥ്യമാകുന്നതോടെ പ്രദേശത്തെ മത്സ്യബന്ധന ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും സുരക്ഷിതമായി അടുപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കൂടുതല്‍ സൗകര്യമൊരുങ്ങും.

പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിലൊന്നാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. പദ്ധതിയുടെ ഭാഗമായി 500 മീറ്റര്‍ നീളത്തില്‍ ‘L’ ആകൃതിയിലുള്ള ഫിഷറി ബെര്‍ത്തും നിര്‍മിക്കും. പുതിയ ഫിഷിങ് ഹാര്‍ബര്‍ പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ മത്സ്യബന്ധന ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും സുരക്ഷിതമായി അടുപ്പിക്കുന്നതിനും കടല്‍ക്ഷോഭ സമയങ്ങളില്‍ സംരക്ഷണം ഉറപ്പാക്കാനാകും.




















