പ്രമുഖ കാഥികൻ ഞെക്കാട് ശശി അന്തരിച്ചു. 76 വയസ്സായിരുന്നു.
സംസ്കാരം നാളെ (06-10-26) രാവിലെ 10 മണിക്ക് ഞെക്കാട് വീട്ടുവളപ്പിൽ നടക്കും. ഇന്നലെ രാത്രി 12.30ന് ആലുവ രാജഗിരി ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.

എറണാകുളത്ത് മകനോടൊപ്പമായിരുന്നു ഞെക്കാട് ശശി താമസിച്ചിരുന്നത്.
ഇന്ന് വൈകിട്ടോടെ മൃതദേഹം വർക്കല ഞെക്കാട് വീട്ടിലെത്തിക്കും.
കഥാപ്രസംഗം എന്ന ജനകീയ കല സജീവമായിരുന്ന കാലത്ത് ആ രംഗത്ത് നിറഞ്ഞു നിന്നിരുന്ന കാഥികനാണ് ഞെക്കാട് ശശി. ജനകീയ അംഗീകാരം ലഭിച്ച നിരവധി കഥകൾ ശശി അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ അങ്ങോളമിങ്ങോളം കഥ പറഞ്ഞിട്ടുള്ള ശശി ജനങ്ങളുമായും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട കഥകൾ പറയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.





















