ആരോഗ്യത്തിന്റെയും ശുചിത്വത്തിന്റെയും പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ലോക കൈകഴുകൽ ദിനം ഒക്ടോബർ 15-ന് കീഴാറ്റിങ്ങൽ പ്രാഥമിക ആരോഗ്യ കേന്ദ്രവും ഹെൽത്ത് ക്ലബ്ബും സംയുക്തമായി പെരുംകുളം എ.എം.എൽ.പി സ്കൂളിൽ വിപുലമായ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

’കൈകഴുകൽ മികച്ച ആരോഗ്യത്തിലേക്കുള്ള വഴി’ എന്ന സന്ദേശമുയർത്തി നടത്തിയ പരിപാടിയിൽ കുട്ടികൾക്ക് കൃത്യമായ രീതിയിൽ കൈകഴുകേണ്ട വിധവും സോപ്പ് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും സ്റ്റാഫ് നേഴ്സ് സൗമ്യ ലളിതമായി ക്ലാസെടുത്തു നൽകി. രോഗാണുക്കളെ പ്രതിരോധിക്കുന്നതിൽ കൈകളുടെ ശുചിത്വം എത്രത്തോളം പ്രധാനമാണെന്ന് കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിലുള്ള ലളിതമായമാർഗങ്ങളും ബോധവത്കരണവും ഏറെ ശ്രദ്ധേയമായി.
സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ യോഗത്തിന് നേതൃത്വം നൽകി. അധ്യാപകരായ റീന, കൃഷ്ണരാജ്, ദിലീത്, സനീറ, രജനി എന്നിവർ പരിപാടികൾക്ക് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. കുട്ടികളിൽ ചെറുപ്പം മുതലേ നല്ല ശീലങ്ങൾ വളർത്തിയെടുക്കാനുള്ള ഈ ആരോഗ്യകരമായ ചുവടുവെപ്പിനെ നാട്ടുകാരും രക്ഷിതാക്കളും അഭിനന്ദിച്ചു.





















