സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

Oct 16, 2026

seena

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.

ശക്തമായ മഴ പെയ്യുമ്പോള്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക.

തുലാവര്‍ഷം തുടങ്ങി

സംസ്ഥാനത്ത് തുലാവര്‍ഷം ആരംഭിച്ചതോടെയാണ് മഴ വീണ്ടും കനത്തത്. തമിഴ്നാട്, പുതുച്ചേരി & കാരയ്ക്കല്‍, തീരദേശ ആന്ധ്രാപ്രദേശ്, റായലസീമ, തെക്കന്‍ ഉള്‍നാടന്‍ കര്‍ണാടക, കേരളം & മാഹി എന്നിവിടങ്ങളില്‍ തുലാവര്‍ഷം (വടക്കുകിഴക്കന്‍ മണ്‍സൂണ്‍) ഇന്നലെ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അതോടൊപ്പം കാലവര്‍ഷം രാജ്യത്തു നിന്ന് പൂര്‍ണമായും പിന്‍വാങ്ങുകയും ചെയ്തു.

തെക്കുകിഴക്കന്‍ അറബിക്കടലിനും സമീപമുള്ള ലക്ഷദ്വീപിനും മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 1.5 മുതല്‍ 4.5 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന ചക്രവാതചുഴി നിലനില്‍ക്കുന്നു. തെക്കന്‍ തമിഴ്‌നാട് തീരത്തിന് മുകളില്‍ മറ്റൊരു ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. കേരളത്തില്‍ 2026 ഒക്ടോബര്‍ 19 വരെയുള്ള ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറില്‍ 40-50 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

cake tower new
LATEST NEWS