തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ ഇന്ന് ചുമതലയേല്‍ക്കും. ഇന്ന് ഉച്ചക്ക്് 12.15ന് ലോക്ഭവന് ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ.ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ പങ്കെടുക്കും. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സിക്കിം മുഖ്യമന്ത്രി പ്രേംസിങ് തമാങ്ങും എത്തിയിട്ടുണ്ട്.
അതേസമയം, ഇന്നലെ രാജേന്ദ്ര ആര്‍ലേക്കറുടെ യാത്രയയപ്പ് ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്ന എല്‍ഡിഎഫില്‍ നിന്ന് ആരെങ്കിലും ഇന്ന് സ്ത്യപ്രതിജ്ഞാ ചടങ്ങിന് എത്തുമോയെന്ന് വ്യക്തമല്ല.
ഇന്നലെ വൈകീട്ട് തിരുവനന്തപുരത്ത് എത്തിയ നിയുക്ത ഗവര്‍ണര്‍ക്ക് വിമാനത്താവളത്തില്‍ സര്‍ക്കാര്‍ ഊഷ്മളമായ സ്വീകരണമൊരുക്കി. മുഖ്യമന്ത്രി വിഡി സതീശന് കസവുഷാള്‍ അണിയിച്ച് സ്വീകരിച്ചു. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, മേയര്‍ വിവി രാജേഷ്, വി മുരളീധരന് എംഎല്‍എ തിരുവനന്തപുരം കലക്ടര്‍ എസ് അഞ്ജു തുടങ്ങിയവരും സ്വീകരിക്കാനെത്തി.
അവിവാഹിതനായ നിയുക്ത ഗവര്‍ണര്‍ക്കൊപ്പം ഏതാനും കുടുംബാംഗങ്ങളും ഇന്നലെ രാജ്ഭവനില്‍ എത്തിയിട്ടുണ്ട്. ലോക്ഭവനില്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രം മതിയെന്ന ഗവര്‍ണറുടെ സ്റ്റാഫ് നിര്‍ദേശം നല്‍കിയത് വിവാദമായി, അടുക്കളയില്‍ മാംസാഹാരം പാകം ചെയ്യരുതെന്നും സസ്യാഹാരം മാത്രം മതിയെന്നുമാണ് നിര്‍ദേശം. ഗവര്‍ണറും കുടുംബവും വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നതിനാലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്നാണ് വിവരം. മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും അതിനു മുന്‍പുണ്ടായിരുന്ന ആരിഫ് മുഹമ്മദ് ഖാനും മാംസാഹാരം കഴിക്കുന്നവരായിരുന്നു.



















