പേരാമ്പ്ര എംഡിഎംഎ കേസ്: എസ്എസ്‌കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർക്കെതിരെ വിജിലൻസ് അന്വേഷണം

Oct 23, 2026

കോഴിക്കോട്: അധ്യാപകർ പ്രതികളായ പേരാമ്പ്ര എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് സമഗ്ര ശിക്ഷ കേരളം കോഴിക്കോട് ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ അബ്ദുൽ ഹക്കീമിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളിലാണ് വിജിലൻസ് സംഘം അന്വേഷണം നടത്തുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പേരാമ്പ്ര എംഡിഎംഎ കേസിൽ പിടിയിലായ മൂന്ന് അധ്യാപികമാരും പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ നിയമനം ലഭിച്ചവരായിരുന്നു. ഇവരുടെ കരാർ കാലാവധി അവസാനിച്ചതിന് പിന്നാലെ, ഇതിൽ രണ്ടുപേരെ മാനദണ്ഡങ്ങൾ മറികടന്ന് വീണ്ടും നിയമിച്ചതുമായി ബന്ധപ്പെട്ടാണ് പ്രധാനമായും പരാതി ഉയർന്നിരിക്കുന്നത്. കോഴിക്കോട് ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ അബ്ദുൽ ഹക്കീമിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ഈ പുനർനിയമനം നടന്നതെന്നും ലഹരിക്കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന് പങ്കാളിത്തമുണ്ടെന്നുമാണ് വി.പി. ദുൽഖിഫിലിന്റെ പരാതിയിലെ ആരോപണം. ഇതിനുപുറമെ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അബ്ദുൽ ഹക്കീം വലിയ തോതിൽ അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

പരാതിയിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കുന്നതിന്റെ പ്രാഥമിക ഘട്ടമായി പരാതിക്കാരനായ വി.പി. ദുൽഖിഫിലിനെ വിജിലൻസ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. പരാതിക്ക് ആധാരമായ രേഖകളും കൂടുതൽ വിവരങ്ങളും അദ്ദേഹത്തിൽനിന്ന് അന്വേഷണ സംഘം നേരിട്ട് ശേഖരിക്കും. വരും ദിവസങ്ങളിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്നതടക്കമുള്ള തുടർനടപടികളിലേക്ക് വിജിലൻസ് കടക്കുമെന്നാണ് വിവരം.

LATEST NEWS
പാമ്പാടിയില്‍ വിദ്യാര്‍ഥിനികളുടെ അപകടമരണം; റോഡില്‍ അപകടകരമായി നിന്ന് സംസാരിച്ചവര്‍ മുഖ്യകാരണക്കാര്‍

പാമ്പാടിയില്‍ വിദ്യാര്‍ഥിനികളുടെ അപകടമരണം; റോഡില്‍ അപകടകരമായി നിന്ന് സംസാരിച്ചവര്‍ മുഖ്യകാരണക്കാര്‍

കൊച്ചി: പാമ്പാടിയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ രണ്ടു വിദ്യാര്‍ഥിനികള്‍ മരിച്ച...