ഖെബര്‍ഹ: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് ജയം സ്വന്തമാക്കിയതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടം കനക്കുന്നു. ഇന്നിങ്‌സിനും 31 റണ്‍സിനുമാണ് പ്രോട്ടീസ് വിജയിച്ചത്. ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയും വിജയിച്ചിരുന്നു.
നിലവില്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയ ഒന്നാമതും ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തുമുണ്ട്. തോറ്റെങ്കിലും ഓസ്‌ട്രേലിയയുടെ ഒന്നാം സ്ഥാനത്തിനു ഇളക്കമൊന്നും വന്നില്ല. എന്നാല്‍ അവര്‍ക്ക് ലീഡുയര്‍ത്താന്‍ സാധിക്കാത്തത് തിരിച്ചടിയാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള ടീമുകള്‍ക്കാണ് ഇതോടെ പ്രതീക്ഷ വര്‍ധിച്ചത്.
നിലവില്‍ ഓസ്‌ട്രേലിയക്ക് 75.00 ശതമാനം പോയിന്റുകളും ന്യൂസിലന്‍ഡിന് 72.22 ശതമാനം പോയിന്റും ദക്ഷിണാഫ്രിക്കയ്ക്ക് 66.67 ശതമാനവുമാണ് പോയിന്റ്. ഇന്ത്യ അഞ്ചാം സ്ഥാനത്താണ് നില്‍ക്കുന്നത്. പട്ടികയില്‍ ഇന്ത്യയേക്കാള്‍ ചെറിയ പോയിന്റ് മുന്‍തൂക്കത്തില്‍ ബംഗ്ലാദേശാണ് നാലാമത് നില്‍ക്കുന്നത്.
ഇന്ത്യന്‍ സാധ്യത
ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഈ സൈക്കിളില്‍ ഇന്ത്യക്ക് ഇനി 7 മത്സരങ്ങളാണ് ശേഷിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡുമായി 2 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കാനൊരുങ്ങുന്നത്. പിന്നാലെ സ്വന്തം മണ്ണില്‍ 5 ടെസ്റ്റ് പോരാട്ടങ്ങളില്‍ ഇന്ത്യ ഓസ്‌ട്രേലിയയുമായും ഏറ്റുമുട്ടും. 60 ശതമാനം പോയിന്റുകളാണ് ഇന്ത്യക്ക് ഫൈനലിലെത്താന്‍ വേണ്ടത്. ഈ ഏഴ് ടെസ്റ്റുകളില്‍ നിന്നായി ഇന്ത്യ 62 പോയിന്റുകള്‍ നേടണം. മാത്രമല്ല രണ്ടില്‍ കൂടുതല്‍ മത്സരങ്ങളില്‍ തോല്‍ക്കാനും പാടില്ല.
അത്ര എളുപ്പമല്ല ഇന്ത്യക്ക് മുന്നിലുള്ള കടമ്പ. അടുത്ത 7 ടെസ്റ്റില്‍ 5 ടെസ്റ്റുകളെങ്കിലും ജയിക്കണം. അതുമാത്രം പോര ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ തങ്ങളുടെ ബാക്കിയുള്ള മത്സരങ്ങളില്‍ രണ്ടെണ്ണത്തിലെങ്കിലും പോയിന്റും നഷ്ടപ്പെടുത്തണം.
പട്ടികയില്‍ നാലാമതുള്ള ബംഗ്ലാദേശും ഇന്ത്യയെ പോലെ മറ്റ് മത്സരങ്ങളുടെ ഫലവും ഒപ്പം സ്വന്തം മുന്നേറ്റവും ആശ്രയിച്ചാണ് നില്‍ക്കുന്നത്. 6 കളികളാണ് സൈക്കിളില്‍ അവര്‍ക്ക് ശേഷിക്കുന്നത്. ഇതില്‍ 4 പോരാട്ടങ്ങള്‍ സ്വന്തം നാട്ടിലാണെന്നത് അവര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്.



















