പുഴുവിനെ അധ്യാപകന്‍ കൊണ്ടിട്ടത്; വാര്‍ത്ത സൃഷ്ടിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍

Oct 29, 2026

കോഴിക്കോട്: കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവുണ്ടെന്ന പ്രചാരണം ചിലര്‍ ബോധപൂര്‍വം നടത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. സര്‍ക്കാര്‍ മാറിയെന്നത് കൊണ്ട് എല്ലാത്തിലും പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. പഴയ സിനിമകളിലെ നമ്പറാണ് ഇറക്കിയത്. ഇത്തരം വാര്‍ത്ത സൃഷ്ടിക്കാന്‍ ചില മാധ്യമങ്ങളും മുന്‍പന്തിയിലുണ്ട്. ഇതിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. പിടിയിലായ അധ്യാപകനെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കായികമേളയിലെ ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ ലഭിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയ അധ്യാപകന്‍ അറസ്റ്റിലായതിന് പിന്നാലെയാണ് പ്രതികരണം. എറണാകുളം ശാലേം വിഎച്ച്എസിലെ അധ്യാപകനാണ് അറസ്റ്റിലായ ജിജോ ജെയിംസ്.

അറസ്റ്റിലായ അധ്യാപകനെതിരെ തുടര്‍ നടപടികളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. നടന്ന കാര്യങ്ങള്‍ ഒറ്റക്ക് ചെയ്യുന്നതല്ല. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനമാണ്. വളരെ പ്രതീക്ഷയോടുകൂടി മാസങ്ങളും വര്‍ഷങ്ങളും എടുത്ത് പരിശീലനം ചെയ്ത് വരുന്ന കുട്ടികളുടെ കായികമേള കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുന്നയാള്‍ സാമൂഹ്യ വിരുദ്ധനാണ്. ഈ ഒരുതരം മോശപ്പെട്ട മാനസികാവസ്ഥക്ക് മാറ്റം വരണം.

സര്‍ക്കാര്‍ മാറിയപ്പോള്‍ എല്ലാത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇനി എന്തെങ്കിലും വീഴ്ചകള്‍ ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കുന്നതില്‍ ഞങ്ങള്‍ ആരും എതിരല്ല. ഇന്നലെ നടന്നത് പഴയ സിനിമകളിലെ നമ്പറാണ്. ഭക്ഷണമൊക്കെ കഴിച്ച് അവസാനം പോക്കറ്റില്‍ കൊണ്ടുപോകുന്ന എന്തെങ്കിലും ഒരു സാധനം അതിലിട്ട് പരാതിപ്പെടുന്ന രീതി. എത്ര നീചമായ പ്രവൃത്തിയാണിത്. മാധ്യമങ്ങളില്‍ ചിലരും ഇതിന് കൂട്ടുനില്‍ക്കുന്നു. വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നു. പ്രതിയുടെ കൂടെ രണ്ട് ചാനലുകാര്‍ ഉണ്ടായിരുന്നു. അവര്‍ മാത്രം എങ്ങനെ അവിടെയെത്തി. ഇതിന്റെ പിന്നിലെ ഗൂഢാലോചന അന്വേഷിച്ച് പുറത്തുകൊണ്ടുവരണം -മന്ത്രി പറഞ്ഞു. അധ്യാപകനെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി.

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവുണ്ടെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ എറണാകുളം ശാലേം വിഎച്ച്എസിലെ അധ്യാപകന്‍ പെരുമ്പാവൂര്‍ സ്വദേശി ജിജോ ജെയിംസ് (35) ആണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. കോഴിക്കോട്ട് നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ബോധപൂര്‍വമായ ഗൂഢാലോചന നടന്നുവെന്ന സംഘാടകരുടെയും മന്ത്രിയുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

LATEST NEWS
‘ഉർവശിയുടെ കൂടെ അഭിനയിക്കാൻ എനിക്ക് പേടിയാണ്; പിന്നെ നമ്മളെവിടെയാണെന്ന് ഫ്രെയിമിൽ തിരയേണ്ടി വരും’

‘ഉർവശിയുടെ കൂടെ അഭിനയിക്കാൻ എനിക്ക് പേടിയാണ്; പിന്നെ നമ്മളെവിടെയാണെന്ന് ഫ്രെയിമിൽ തിരയേണ്ടി വരും’

നയൻതാര നായികയായെത്തുന്ന 'മൂക്കുത്തി അമ്മൻ 2' റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൽ ഉർവശിയും ഖുശ്ബുവും...

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

കൊച്ചി: തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ മോഷ്ടിച്ച സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍...