മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് സംഗീത് പ്രതാപ്. ‘പ്രേമലു’ എന്ന ചിത്രത്തിൽ അമൽ ഡേവിസ് ആയെത്തിയാണ് സംഗീത് മലയാളികളുടെ ഹൃദയം കീഴടക്കിയത്. അഭിനയത്തിലും എഡിറ്റിങ്ങിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന സംഗീത് തന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.
വ്യക്തിജീവിതത്തിലും വളരെ സന്തോഷകരമായ ഘട്ടത്തിലാണ് സംഗീതിപ്പോൾ. തങ്ങളും ആദ്യത്തെ കൺമണിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് സംഗീതും ഭാര്യ ആൻസിയും. മെറ്റേണിറ്റി ഫോട്ടോഷൂട്ടിനൊപ്പം വൈകാരികമായ ഒരു കുറിപ്പും പങ്കുവച്ചിരിക്കുകയാണ് സംഗീതിപ്പോൾ. “കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു, തിയറ്റർ ഒരുങ്ങിക്കഴിഞ്ഞു,
ഏറ്റവും പ്രിയപ്പെട്ട താരം വളരെ വേഗം തന്നെ പ്രീമിയറിലേക്ക് എത്തുന്നു. ഞങ്ങളുടെ ഏറ്റവും വലിയ കഥയ്ക്ക് പിന്നിൽ ലോകത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട പെൺകുട്ടിയുണ്ട്, നീ എന്താണോ, ഞങ്ങൾക്ക് നീ എന്തൊക്കെ നൽകിയോ – അതിനെല്ലാം നന്ദി”.- എന്നാണ് സംഗീത് കുറിച്ചത്. ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് സംഗീതിനും ആൻസിക്കും ആശംസകൾ നേരുന്നത്. നടൻമാരായ നസ്ലിൻ, മാത്യു തോമസ്, രാജേഷ് മാധവൻ തുടങ്ങി നിരവധി താരങ്ങളും ഇരുവർക്കും ആശംസകൾ അറിയിച്ചിട്ടുണ്ട്. ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ആണ് സംഗീത് അഭിനയിച്ച് ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. മമിത ബൈജുവിനൊപ്പമുള്ള ‘ഹലോ ഡിയർ’ ആണ് സംഗീതിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം.



















