ആദ്യ ഇന്ത്യന്‍ താരം! ചരിത്രമെഴുതി അര്‍ഷ്ദീപ് സിങ്

Oct 30, 2026

ഓക്ക്‌ലന്‍ഡ്: അന്താരാഷ്ട്ര ടി20യില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്. അന്താരാഷ്ട്ര ടി20യില്‍ 150 വിക്കറ്റുകള്‍ വീഴ്ത്തുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമെന്ന ഒരിക്കലും മായാത്ത നേട്ടമാണ് പഞ്ചാബ് താരം സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യില്‍ കിവി ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറെ പുറത്താക്കിയാണ് അര്‍ഷ്ദീപ് റെക്കോര്‍ഡിട്ടത്. സാന്റ്‌നര്‍ അര്‍ഷ്ദീപ് സിങിന്റെ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിയ്ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.

കരിയറിലെ 103ാം മത്സരത്തിലാണ് അര്‍ഷ്ദീപിന്റെ നേട്ടം. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ താരവും അര്‍ഷ്ദീപ് സിങാണ്.

ദിവസങ്ങള്‍

ഇതിനൊപ്പം മറ്റൊരു നേട്ടവും താരം സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കുറച്ച് ദിവസങ്ങള്‍ക്കൊണ്ട് 150 ടി20 വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്. 1,577 ദിവസം കൊണ്ടാണ് അര്‍ഷ്ദീപ് 150 വിക്കറ്റുകള്‍ നേടിയത്. ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്കയുടെ റെക്കോര്‍ഡാണ് അര്‍ഷ്ദീപ് പഴങ്കഥയാക്കിയത്. ഹസരങ്ക 2,325 ദിവസമെടുത്താണ് 150 വിക്കറ്റുകള്‍ ടി20യില്‍ വീഴ്ത്തിയത്.

പന്തുകള്‍

പന്തുകളുടെ കണക്കില്‍ ടി20യില്‍ ഏറ്റവും വേഗത്തില്‍ 150 വിക്കറ്റുകള്‍ നേടുന്ന പേസറെന്ന റെക്കോര്‍ഡും അര്‍ഷ്ദീപ് സ്വന്തം പേരിലാക്കി. 2,143 പന്തുകളില്‍ നിന്നാണ് താരം 150 വിക്കറ്റുകള്‍ വീഴ്ത്തിയത്. ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്റെ റെക്കോര്‍ഡാണ് അര്‍ഷ്ദീപ് മറികടന്നത്. 2,532 പന്തുകള്‍ നേരിട്ടാണ് മുസ്തഫിസുര്‍ 150 വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

മൊത്തം ബൗളര്‍മാരുടെ പട്ടികയില്‍ ഹോങ്കോങ് താരം ഇഹ്‌സാന്‍ ഖാനൊപ്പം മൂന്നാം സ്ഥാനവും അര്‍ഷ്ദീപ് സിങ് പങ്കിടുന്നു. 2,035 പന്തില്‍ 150 വിക്കറ്റെടുത്ത ഹസരങ്കയാണ് പട്ടികയില്‍ ഒന്നാമത്. അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ 2,098 പന്തില്‍ 150 വിക്കറ്റുകളുമായി രണ്ടാമതും നില്‍ക്കുന്നു. അര്‍ഷ്ദീപ് സിങും ഇഹ്‌സാന്‍ ഖാനും 2,143 പന്തുകളുമായി മൂന്നാം സ്ഥാനം പങ്കിടുന്നു.

40 വിക്കറ്റുകള്‍

ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ടി20 വിക്കറ്റുകള്‍ നേടുന്ന ഫുള്‍ മെമ്പര്‍ രാജ്യങ്ങളിലെ താരമെന്ന റെക്കോര്‍ഡിലും അര്‍ഷ്ദീപ് എത്തി. 2026ല്‍ അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യന്‍ പേസര്‍ 40 വിക്കറ്റുകളാണ് വീഴ്ത്തിയത്. അയര്‍ലന്‍ഡിന്റെ ജോഷ് ലിറ്റില്‍ 2022ല്‍ 39 വിക്കറ്റുകള്‍ വീഴ്ത്തിയതായിരുന്നു നേരത്തെയുള്ള റെക്കോര്‍ഡ്. 2024ല്‍ ഹസരങ്ക 38 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. 2022ല്‍ ഭുവനേശ്വര്‍ കുമാര്‍ 37 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

ഇന്ത്യക്കായി ഏറ്റവും കൂടതല്‍ ടി20 വിക്കറ്റുകള്‍ വീഴ്ത്തിയ താരങ്ങള്‍

അര്‍ഷ്ദീപ് സിങ്: 103 മത്സരങ്ങള്‍, 150 വിക്കറ്റുകള്‍

ജസ്പ്രിത് ബുംറ: 100 മത്സങ്ങള്‍, 126 വിക്കറ്റുകള്‍

അക്ഷര്‍ പട്ടേല്‍: 116 മത്സങ്ങള്‍, 116 വിക്കറ്റുകള്‍

ഹര്‍ദിക് പാണ്ഡ്യ: 138 മത്സങ്ങള്‍, 114 വിക്കറ്റുകള്‍

LATEST NEWS
വക്കത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം; നിരവധി പേർ ആശുപത്രിയിൽ, ആരുടെയും നില ഗുരുതരമല്ലെന്ന് റിപ്പോർട്ട്

വക്കത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം; നിരവധി പേർ ആശുപത്രിയിൽ, ആരുടെയും നില ഗുരുതരമല്ലെന്ന് റിപ്പോർട്ട്

വക്കം: വക്കത്ത് ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. വക്കം...

‘പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല’

‘പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല’

തിരുവനന്തപുരം: മദ്യപിക്കാന്‍ ബാറില്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന തരത്തില്‍ വന്ന...