‘മുറസു’ കരതൊട്ടു; ദക്ഷിണ ആന്ധ്രാതീരത്ത് ശക്തമായ കാറ്റും മഴയും; തമിഴ്‌നാട്ടില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി

Nov 3, 2026

ഹൈദരബാദ്: ശക്തമായ ചുഴലിക്കാറ്റായ മുറസു കരതൊട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ തെക്കന്‍ ആന്ധ്രാപ്രദേശ് ഒംഗോളിന് സമീപത്താണ് കരതൊട്ടത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ശക്തമായ മഴയും മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നുമുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് ദക്ഷിണതീരത്ത് അധികൃതര്‍ മുന്‍കരുതലുകള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള 19 സര്‍വീസുകള്‍ റദ്ദാക്കി. നിരവധി ട്രെയിനുകളും റദ്ദാക്കി.

തെക്കന്‍ ആന്ധ്രാപ്രദേശ് ഒംഗോളിന് സമീപം നെല്ലൂരിനും നരസാപുരത്തിനും ഇടയിലൂടെയാണ് ചുഴലിക്കാറ്റ് കടന്നുപോയത്. മണിക്കൂറില്‍ 100 മുതല്‍ 120 കിലോമീറ്റര്‍ വരെയായിരുന്നു കാറ്റിന്റെ വേഗത.

ശക്തമായ മഴ കണക്കിലെടുത്ത് തമിഴ്‌നാട്ടില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പുതുച്ചേരിയിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ഇന്നലെ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. ബുധനാഴ്ച രാവിലെ വരെ തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കടലില്‍ പോയവര്‍ ഉടന്‍ തിരിച്ചെത്തണം എന്നാണ് അറിയിപ്പ്. ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.

തെക്കന്‍ തീരദേശ ആന്ധ്രയിലും റായലസീമ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിളിച്ച ഉന്നതതല യോഗത്തില്‍ ഉദ്യോഗസ്ഥരോട് സജ്ജരായിരിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. പല്‍നാട് ജില്ലയില്‍ 30 സെന്റിമീറ്റര്‍ വരെയും, പ്രകാശം ജില്ലയില്‍ 24 സെന്റിമീറ്ററും, മര്‍ക്കാപുരത്ത് 19 സെന്റിമീറ്ററും മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. കൃഷ്ണ, ഗുണ്ടൂര്‍, നെല്ലൂര്‍ ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.

വെദ്യുതി വിതരണം തടസപ്പെടുന്നത് പരിഹരിക്കാന്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അധിക സേനയെയും വൈദ്യുതി വകുപ്പ് ജീവനക്കാരെയും വിന്യസിച്ചു. ജനങ്ങള്‍ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കടലാക്രമണ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

LATEST NEWS
വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ...