കൊച്ചി: ചേരാനല്ലൂരിലെ മെഴ്സിഡസ് ബെന്‍സ് അപകടക്കേസില്‍ പ്രതിയായ 17കാരന്റെ പിതാവായ സെഷന്‍സ് ജഡ്ജിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ കുടുംബം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഹൈക്കോടതി വിധി നെഞ്ചില്‍ കുത്തിയതുപോലെയാണ് അനുഭവപ്പെട്ടതെന്ന് മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്ര കീര്‍ത്തി പ്രതികരിച്ചു. പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് വിധി വന്നതെന്നും കുടുംബം നീതി പ്രതീക്ഷിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.
വ്യാഴാഴ്ചയാണ് കേസുമായി ബന്ധപ്പെട്ട് രണ്ട് കോടതികളില്‍ നിര്‍ണായക നടപടികള്‍ നടന്നത്. സെഷന്‍സ് ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചപ്പോള്‍, പ്രായപൂര്‍ത്തിയാകാത്ത മകന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അനുവദിച്ച ജാമ്യത്തിനെതിരായ പ്രോസിക്യൂഷന്റെ അപ്പീല്‍ എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയും പരിഗണിച്ചു.
പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി മരണം സംഭവിച്ച സമാന കേസുകളില്‍ ബിഎന്‍എസ് 105-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടോയെന്ന് കോടതി പരിശോധിച്ചു. ഇത്തരം കേസുകളുടെ എഫ്ഐആര്‍ വിവരങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കവിത ഗംഗാധരന് നിര്‍ദേശിച്ചു.
എറണാകുളം ജില്ലയിലോ കേരളത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ രജിസ്റ്റര്‍ ചെയ്ത സമാന കേസുകളുടെ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. നിലവിലെ കേസില്‍ മാത്രമാണോ ഈ വകുപ്പ് ചുമത്തിയതെന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. സമാന കേസുകള്‍ കണ്ടെത്താനായില്ലെങ്കില്‍ അതിന് അന്വേഷണ ഉദ്യോഗസ്ഥന് വിശദീകരണം നല്‍കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്കി.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ജാമ്യ ഉത്തരവിനെതിരെ പ്രോസിക്യൂഷന് ആദ്യം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചതെന്തിനാണെന്നും കോടതി ചോദിച്ചു. പ്രായപൂര്‍ത്തിയാകാത്തവരുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാന്‍ എറണാകുളം ജില്ലയില്‍ പ്രത്യേകമായി നിയോഗിക്കപ്പെട്ട കോടതി നിലവിലുണ്ടെന്നും ചൂണ്ടിക്കാട്ടി. ഈ മാസം രണ്ടിന് നടന്ന വാദത്തിനിടെ പ്രോസിക്യൂഷനും ഇരയുടെ കുടുംബത്തിന്റെ അഭിഭാഷകനും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കേസിലെ തുടര്‍നടപടികള്‍ അടച്ചിട്ട കോടതിമുറിയില്‍ നടത്താനും നിര്‍ദേശിച്ചു.
അതേസമയം, സെഷന്‍സ് ജഡ്ജിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഹൈക്കോടതി ചോദ്യം ഉന്നയിച്ചു. അന്വേഷണവുമായി പ്രതി സഹകരിക്കുന്നുണ്ടെങ്കില്‍ കസ്റ്റഡി ചോദ്യം ചെയ്യല്‍ എന്തിനാണെന്നായിരുന്നു ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ചോദ്യം. അന്വേഷണത്തില്‍ തടസ്സമുണ്ടാക്കുകയോ നീതിനിര്‍വഹണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ജാമ്യം റദ്ദാക്കാന്‍ അപേക്ഷ നല്‍കാമെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് സെഷന്‍സ് ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ പിതാവിന് നീതി ലഭിക്കാനുള്ള നിയമപോരാട്ടം തുടരുമെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ഭദ്ര കീര്‍ത്തി വ്യക്തമാക്കി.



















