എസ് കെ എ ടി ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ്: ആദ്യദിനത്തിൽ ആറ്റിങ്ങൽ കരാട്ടെ ക്ലബ് മുന്നിൽ

Nov 8, 2026

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം (SKAT) സംഘടിപ്പിക്കുന്ന ആറാമത് തിരുവനന്തപുരം ജില്ലാ സബ് ജൂനിയർ, കേഡറ്റ്, ജൂനിയർ, അണ്ടർ–21, സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിന്റെ ആദ്യദിന മത്സരങ്ങൾ പുരോഗമിക്കുന്നു.

ആദ്യദിനത്തിലെ നിലവിലെ ക്ലബ് പോയിന്റ് നിലപ്രകാരം 149 പോയിന്റുമായി ആറ്റിങ്ങൽ കരാട്ടെ ക്ലബ് ഒന്നാം സ്ഥാനത്ത് തുടരുന്നു. 75 പോയിന്റുമായി ജെ.കെ.എൻ.എസ്.കെ. പോത്തൻകോട് രണ്ടാം സ്ഥാനത്തും 28 പോയിന്റുമായി ഷിറ്റോറിയൂ സ്പോർട്സ് കരാട്ടെ അക്കാദമി, വർക്കല മൂന്നാം സ്ഥാനത്തുമാണ്. നവംബർ 8 ഞായറാഴ്ച നടക്കുന്ന അവസാനദിന മത്സരങ്ങൾക്കുശേഷം അന്തിമ പോയിന്റ് നിലയും ഓവറോൾ ചാമ്പ്യന്മാരെയും പ്രഖ്യാപിക്കും.

കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ കുമാർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന കായിക–യുവജനകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് ഐ.എ.എസിന് പങ്കെടുക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് വി. സുനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചത്.

ഏഷ്യൻ ഗെയിംസിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ നിരീക്ഷകനായി ചുമതല നിർവഹിക്കുകയും മേഘാലയയിൽ നടക്കാനിരിക്കുന്ന ദേശീയ ഗെയിംസിന്റെ ഗെയിംസ് ടെക്നിക്കൽ കണ്ടക്ട് കമ്മിറ്റി (GTCC) അംഗമായി നിയമിതനാകുകയും ചെയ്ത വി. സുനിൽ കുമാറിനെ ചടങ്ങിൽ SKAT ആദരിച്ചു. ദേശീയ–അന്തർദേശീയ കായിക ഭരണരംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചായിരുന്നു ആദരം.

SKAT പ്രസിഡന്റ് ആർ. സുരാജ് ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ചു. SKAT സെക്രട്ടറി സമ്പത്ത് വി. സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി വിജു വർമ്മ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം കെ. രാമചന്ദ്രൻ ആശംസകൾ നേർന്നു. SKAT ട്രഷറർ ജി. ജോതിനാഥ് കൃതജ്ഞത രേഖപ്പെടുത്തി. കായിക സംഘടനാ ഭാരവാഹികൾ, കരാട്ടെ പരിശീലകർ, റഫറിമാർ, കായികതാരങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിൽ, തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷൻ, കേരള കരാട്ടെ അസോസിയേഷൻ എന്നിവയുടെ അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുന്നൂറിലധികം കരാട്ടെ താരങ്ങളാണ് പങ്കെടുക്കുന്നത്. എട്ട് വയസ്സുമുതലുള്ള സബ് ജൂനിയർ താരങ്ങൾക്കൊപ്പം കേഡറ്റ്, ജൂനിയർ, അണ്ടർ–21, സീനിയർ വിഭാഗങ്ങളിലെ പുരുഷ–വനിതാ താരങ്ങളും വ്യക്തിഗത കത്ത, കുമിത്തെ, ടീം കത്ത ഇനങ്ങളിൽ മാറ്റുരയ്ക്കുന്നു.

രജിസ്ട്രേഷൻ, പ്രായപരിശോധന, മത്സരവിഭാഗങ്ങളുടെ ക്രമീകരണം, നറുക്കെടുപ്പ്, ഫിക്സ്ചർ തയ്യാറാക്കൽ, മത്സരഫലങ്ങളുടെ രേഖപ്പെടുത്തൽ, സർട്ടിഫിക്കറ്റ് പ്രിന്റിങ് എന്നിവ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഏകോപിപ്പിക്കുന്നതാണ് ചാമ്പ്യൻഷിപ്പിന്റെ പ്രധാന പ്രത്യേകത. സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി തയ്യാറാക്കിയ ഫിക്സ്ചറുകളും യോഗ്യതയുള്ള റഫറി–ജഡ്ജ് പാനലും ഉപയോഗിച്ചാണ് മത്സരങ്ങൾ നടത്തുന്നത്.

ഓരോ വ്യക്തിഗത ഇനത്തിലും ആദ്യ രണ്ട് സ്ഥാനങ്ങൾ നേടുന്ന താരങ്ങളും ടീം ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടുന്ന ടീമുകളും കേരള കരാട്ടെ അസോസിയേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിക്കാൻ യോഗ്യത നേടും. അവസാനദിന മത്സരങ്ങൾ ഞായറാഴ്ച പൂർത്തിയാകുന്നതോടെ വ്യക്തിഗത–ടീം ജേതാക്കളെയും ഓവറോൾ ക്ലബ് ചാമ്പ്യന്മാരെയും പ്രഖ്യാപിച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.

LATEST NEWS