പകൽ മാന്യൻ, രാത്രി കുപ്രസിദ്ധ മോഷ്ടാവ്! 30 വീടുകൾ കുത്തിത്തുറന്ന് കവർച്ച

Nov 9, 2026

തിരുവനന്തപുരം: തിരുവനന്തപുരം റൂറൽ ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി മുപ്പതോളം വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാറനല്ലൂർ വില്ലേജിൽ റസൽപുരം ചരുവിള പുത്തൻവീട്ടിൽ മുരുകേശന്റെ മകൻ നിഷാന്ത് (37) ആണ് പിടിയിലായത്.

നരുവാമൂട്, മാറനല്ലൂർ, കാട്ടാക്കട, മലയിൻകീഴ്, ആര്യങ്കോട്, ബാലരാമപുരം തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന നിരവധി മോഷണങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ചോദ്യം ചെയ്യലിൽ മുപ്പതോളം വീടുകളിൽ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു.

തിരുവനന്തപുരം റൂറൽ എസ്.പി. പ്രശാന്തൻ കാണി ഐപിഎസിന്റെ നിർദേശപ്രകാരം കാട്ടാക്കട ഡിവൈ.എസ്.പി. ജി. ബിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

2023 മുതൽ രാത്രിയും പകലും ആളില്ലാത്ത വീടുകൾ കണ്ടെത്തി മോഷണം നടത്തുകയായിരുന്നു പ്രതിയുടെ രീതി. ഗേറ്റുകൾ പൂട്ടിക്കിടക്കുന്ന വീടുകൾ നിരീക്ഷിച്ചശേഷം പിൻവാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്ന് അകത്തുകടക്കും. തുടർന്ന് അലമാരകളും മേശകളും തകർത്ത് സ്വർണാഭരണങ്ങളും പണവും കവരുകയായിരുന്നു പതിവ്.

2024, 2025 വർഷങ്ങളിൽ മാറനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ തുടർച്ചയായി നടന്ന മോഷണങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ ആര്യങ്കോട്, കാട്ടാക്കട, മാറനല്ലൂർ, നരുവാമൂട് പോലീസ് സ്റ്റേഷൻ പരിധികളിൽ പകൽസമയത്ത് നടന്ന മോഷണങ്ങളും ഇയാളാണ് നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

മോഷണത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് കാറുകളും ബൈക്കുകളും വാങ്ങിയിരുന്നതായും ലക്ഷക്കണക്കിന് രൂപയുടെ ലോട്ടറി ടിക്കറ്റുകൾ എടുത്തിരുന്നതായും പോലീസ് പറഞ്ഞു. ആഡംബര ജീവിതം നയിച്ചിരുന്ന ഇയാൾ നാട്ടിൽ മാന്യനായി പെരുമാറി സംശയത്തിന് ഇടനൽകാതെയാണ് കഴിഞ്ഞിരുന്നത്.

പശു ഫാം നടത്തിവരികയും റസൽപുരത്തെ ബിവറേജസ് ഗോഡൗണിൽ യൂണിയൻ തൊഴിലാളിയായി ജോലി ചെയ്യുകയും ചെയ്തിരുന്ന പ്രതി സ്വന്തം വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ വീടുകളിൽ പോലും മോഷണം നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായി. ഏറെക്കാലമായി പോലീസിന്റെയും നാട്ടുകാരുടെയും ശ്രദ്ധയിൽപ്പെടാതെ മോഷണം തുടർന്നുവന്ന ഇയാൾ ആദ്യമായാണ് പിടിയിലാകുന്നത്.

മലയിൻകീഴ് സി.ഐ. ഉമേഷ്, നരുവാമൂട് എസ്.ഐ. കിരൺ ശശിധരൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിൽ പങ്കെടുത്തത്. സി.പി.ഒ. പീറ്റർ ദാസ്, എസ്.സി.പി.ഒ. ശ്രീകാന്ത്, ഹോം ഗാർഡുമാരായ രമേശ്, രാജേഷ്, ബൈജു, മലയിൻകീഴ് സ്റ്റേഷനിലെ പ്രവീൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

LATEST NEWS
ചക്രവാതച്ചുഴി; വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴി; വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദപാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന്...

വ്യാജ പ്രചാരണം തിരിച്ചടിയായി; എസ്എംഎ ബാധിച്ച മൂന്ന് കുരുന്നുകള്‍ക്കുള്ള ധനസമാഹരണം പ്രതിസന്ധിയില്‍

വ്യാജ പ്രചാരണം തിരിച്ചടിയായി; എസ്എംഎ ബാധിച്ച മൂന്ന് കുരുന്നുകള്‍ക്കുള്ള ധനസമാഹരണം പ്രതിസന്ധിയില്‍

കോഴിക്കോട്: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിച്ച ഒരു വയസുകാരായ മൂന്ന് സഹോദരങ്ങളുടെ...