കണ്ണൂർ: ചൊക്ളി കരിയാട് നിന്ന് കാണാതായി മൂന്ന് മാസം പിന്നിട്ടിട്ടും വിദ്യാർഥിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. ശിവസൂര്യയെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ കരിയാട് പുളിയനമ്പ്രത്തെ ശിവസൂര്യയെ കഴിഞ്ഞ ഓഗസ്റ്റ് 8-നാണ് കാണാതായത്. കുട്ടിയെ കണ്ടെത്താൻ വിവിധ അന്വേഷണ നടപടികൾ സ്വീകരിച്ചെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല.
അന്വേഷണം മൂന്ന് മാസം പിന്നിട്ടിട്ടും എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കൂടുതൽ പേരിലേക്ക് വിവരമെത്തിച്ച് ശിവസൂര്യയെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ശിവസൂര്യയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ അന്വേഷണ സംഘത്തെ അറിയിക്കണമെന്നാണ് നിർദേശം.
മൊബൈൽ ഗെയിം കളിക്കുന്നത് വീട്ടുകാർ വിലക്കിയതിനെ തുടർന്നാണ് ശിവസൂര്യ വീടുവിട്ടിറങ്ങിയത്. കാശിയിൽ പോയി ദൈവത്തിൽ അലിയുമെന്നാണ് കുട്ടി കത്തെഴുതിവെച്ചിരുന്നത്. തുടർന്ന് കാശിയിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതേ തുടർന്ന് ശിവസൂര്യയുടെ കുടുംബം ആഭ്യന്തരമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. തലശ്ശേരി എ.സി.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെ കുട്ടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം വേഗത്തിലാക്കാൻ നാട്ടുകാർ ജനകീയ സമിതി രൂപീകരിക്കുകയും ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയും ചെയ്തിരുന്നു.



















