തൃശൂർ: മുംബൈയിലെ യഹൂദ കേന്ദ്രങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച കേസിൽ അറസ്റ്റിലായ യുവാവിനെ കേരളത്തിലെത്തിച്ചു. നവി മുംബൈ സ്വദേശിയായ യശ് സിംഗിനെയാണ് (20) മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ സഹായത്തോടെ തൃശൂർ സിറ്റി പൊലീസ് കേരളത്തിലെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഒറ്റപ്പാലത്തു നിന്നും അടുത്തിടെ പിടിയിലായ ഗുരുമൂർത്തിയാണ് യശ് സിംഗിനെ റിക്രൂട്ട് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം.
മുംബൈയിലെ ചബാദ് ഹൗസ് ഉൾപ്പെടെയുള്ള പ്രധാന യഹൂദ കേന്ദ്രങ്ങളുടെ നിരീക്ഷണം നടത്തിയതിനാണ് നവി മുംബൈയിലെ പൻവേൽ സ്വദേശിയായ യശ് സിംഗിനെ മഹാരാഷ്ട്ര എടിഎസ്. പിടികൂടിയത്. തുടർന്ന് ഞായറാഴ്ചയാണ് പ്രതിയെ തൃശൂർ സിറ്റി പൊലീസ് കേരളത്തിലേക്ക് കൊണ്ടുവന്നത്. സിനിമാ താരങ്ങളുടെ ചിത്രങ്ങൾ ഓൺലൈൻ ഹാൻഡ്ലർമാരുടെ നിർദ്ദേശപ്രകാരം ലോറൻസ് ബിഷ്ണോയ് സംഘത്തിന് കൈമാറുകയും ഇതിനായി പണം സ്വീകരിക്കുകയും ചെയ്ത കേസിൽ തൃശൂർ പൊലീസ് നേരത്തെ ഗുരുമൂർത്തിയെ അറസ്റ്റ് ചെയ്തിരുന്നു. ഗുരുമൂർത്തിയെ ഇന്ന് ഒറ്റപ്പാലത്ത് എത്തിച്ച പൊലീസ് തെളിവെടുപ്പ് നടത്തി.
ഗുരുമൂർത്തിയുമായി ദീർഘകാല ബന്ധം
ഗുരുമൂർത്തിയാണ് യശ് സിംഗിനെ റിക്രൂട്ട് ചെയ്തതെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവർ തമ്മിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഗുരുമൂർത്തി പലതവണയായി യശ് സിംഗിന് പണം അയച്ചുനൽകുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വിദേശത്തുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ നിർദ്ദേശപ്രകാരമാണ് യശ് സിംഗ് പ്രവർത്തിച്ചതെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും, ഇരുവരും ലോറൻസ് ബിഷ്ണോയ് സംഘത്തിന് വേണ്ടിയാണ് പ്രവർത്തിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
കൊച്ചിയിലെ സിനഗോഗിന് സമീപത്തെ തീവെപ്പ് കേസന്വേഷണവും
എറണാകുളം മാർക്കറ്റിന് സമീപമുള്ള സിനഗോഗിന് എതിരെയുള്ള ബ്ലോസം നഴ്സറിക്ക് തീയിട്ട കേസിൽ കഴിഞ്ഞ മാസം അറസ്റ്റിലായ പുത്തൻകുരിശ് സ്വദേശി എബിൻ പോളുമായി (32) ഈ പ്രതികൾക്കുള്ള ബന്ധത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ കേസ് നിലവിൽ ദേശീയ അന്വേഷണ ഏജൻസിയാണ് അന്വേഷിക്കുന്നത്. ഓൺലൈൻ ഹാൻഡ്ലർമാരുടെ നിർദ്ദേശപ്രകാരം പ്രവർത്തിച്ച എബിൻ പോൾ, ഗ്യാങ്സ്റ്റർ ലോറൻസ് ബിഷ്ണോയിയെക്കുറിച്ചും ടെലഗ്രാം വഴി സന്ദേശങ്ങൾ അയച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
രണ്ട് കേസുകളും തമ്മിൽ ബന്ധമുണ്ടോയെന്നും, ഗുരുമൂർത്തിയുടെ നിർദ്ദേശപ്രകാരം മറ്റ് ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചു വരികയാണ്. ഗുരുമൂർത്തിക്ക് നിർദ്ദേശങ്ങളും പണവും നൽകിയവരെയും കണ്ടെത്തേണ്ടതുണ്ട്. പ്രതികളുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് വിലയിരുത്തൽ. കേസിന്റെ ഗൗരം കണക്കിലെടുത്ത് എൻഐഎ. അന്വേഷണം ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്.



















