തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘അക്വാന്‍’ ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തിലെ വടക്കുകിഴക്കന്‍ മണ്‍സൂണിനെ ( തുലാവര്‍ഷം) ദുര്‍ബലപ്പെടുത്തുന്നു. വടക്കന്‍ ജില്ലകളില്‍ പലയിടത്തും മഴ തീരെ ലഭിക്കാത്ത അവസ്ഥയാണുള്ളത്. അക്വാന്‍ വീശിയടിക്കുന്നതോടെ വരും ദിവസങ്ങളില്‍ മഴയുടെ അളവ് ഇനിയും കുറയുമെന്നാണ് കാലാവസ്ഥ വകുപ്പ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാലയളവില്‍ ഇതുവരെ കേരളത്തില്‍ ലഭിച്ചത് 321.1 മി.മീ മഴ മാത്രമാണ്. സാധാരണയായി ലഭിക്കേണ്ടിയിരുന്നത് 413.4 മി.മീ മഴയാണ്. അതായത് 22 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അക്വാന്‍ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് നവംബര്‍ 20-ന് ഉച്ചയോടെ ആന്ധ്രാപ്രദേശ് – യാനം തീരത്ത് കരതൊടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
ഈ ചുഴലിക്കാറ്റിന്റെ സ്വാധീനം, മേഖലയിലെ സാധാരണ മഴയുടെ രീതിക്ക് മാറ്റം വരുത്തിയെന്നും, കേരളത്തില്‍ മഴയുടെ അളവ് കുറയുകയും ചെയ്തതായി കാലാവസ്ഥാ വിദഗ്ധന്‍ രാജീവന് എരിക്കുളം പറഞ്ഞു. ‘പുതിയ കാലാവസ്ഥാ വ്യതിയാനങ്ങള്‍ രൂപപ്പെടാത്ത സാഹചര്യത്തില്‍, പ്രത്യേകിച്ചും വടക്കന്‍ കേരളത്തില്‍ മണ്‍സൂണിന്റെ അവസാന ഘട്ടത്തില്‍ മഴ കുറയും. രാജീവന് എരിക്കുളം വ്യക്തമാക്കി.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കനുസരിച്ച്, വെള്ളിയാഴ്ച വരെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ മഴ ലഭിക്കാന്‍ സാധ്യതയില്ല. അതേസമയം, സംസ്ഥാനത്തുടനീളമുള്ള മലയോര മേഖലകളില്‍ താപനില കുറയാന്‍ തുടങ്ങിയിട്ടുണ്ട്.



















