യാത്രയാക്കാന്‍ വന്ദേഭാരതില്‍ കയറി; വാതിലടഞ്ഞു; കുടുംബത്തിന് 36,140 രൂപ പിഴ

Nov 18, 2026

ന്യൂഡൽഹി:ബന്ധുക്കളെ യാത്രയാക്കാൻ വന്ദേഭാരത് എക്‌സ്പ്രസിൽ കയറിയ കുടുംബത്തിന് 36, 140 രൂപയുടെ പിഴ. വാരണാസി- ന്യൂഡൽഹി വന്ദേഭാരത് എക്സ്പ്രസിലാണ് സംഭവം.

ട്രെയിനിനുള്ളിൽ കയറിയ ഒരു കുട്ടി അടക്കമുള്ള 13 അംഗ സംഘത്തിന് ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് കോച്ചിൽ നിന്ന് ഇറങ്ങാൻ സാധിച്ചിരുന്നില്ല. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വന്ദേഭാരത് ട്രെയിനുകളിൽ നടപ്പാക്കിയ ഓട്ടോമാറ്റിക് ഡോർ സംവിധാനമാണ് വിനയായത്. തുടർന്നാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ഇവരിൽ നിന്നും റെയിൽവേ 36,140 രൂപ പിഴ ഈടാക്കിയത്.

വാരണാസിയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട വന്ദേഭാരത് എക്‌സ്പ്രസ്‌ (ട്രെയിൻ നമ്പർ 22415) നവംബർ 15 ന് കാൺപൂർ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് നാടകീയ
സംഭവങ്ങൾ അരങ്ങേറിയത്. ബന്ധുക്കളെ യാത്രയാക്കാനായി ട്രെയിനിനുള്ളിൽ പ്രവേശിച്ച കുടുംബത്തിന് ട്രെയിൻ മുന്നോട്ട് നീങ്ങുകയും ഓട്ടോമാറ്റിക് വാതിലുകൾ അടയുകയും ചെയ്തതോടെ പുറത്തിറങ്ങാൻ സാധിക്കാതെ വരികയായിരുന്നു. തുടർന്ന് അടുത്ത സ്റ്റേഷൻ എത്തുന്നതുവരെ ഇവർക്ക് ട്രെയിനിനുള്ളിൽ തന്നെ തുടരേണ്ടി വന്നു

ട്രെയിൻ പുറപ്പെടാൻ പോകുന്നു എന്ന് മനസ്സിലാക്കിയ സംഘം ഇറങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ട്രെയിൻ നീങ്ങിത്തുടങ്ങിയതിനുശേഷം ഇവരിൽ ചിലർ ചെയിൻ വലിക്കാനും ശ്രമിച്ചു. യാത്രാ ടിക്കറ്റുകളോ പ്ലാറ്റ്ഫോം ടിക്കറ്റുകളോ ഇല്ലാതെയാണ് സംഘം ട്രെയിനിൽ കയറിയത്. മാത്രമല്ല ട്രെയിനിൽ കുടുങ്ങിയ വെപ്രാളത്തിൽ കോച്ചിൽ ബഹളം വയ്ക്കുകയും ചെയ്തു. തുടർന്നാണ് ഓരോരുത്തർക്കും 3,000 രൂപ വീതം റെയിൽവേ പിഴ ഈടാക്കിയത്. ഒടുവിൽ കാൺപൂരിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെ ഇറ്റാവ ജംക്‌ഷനിലാണ് 13 അംഗ സംഘത്തിന് ഇറങ്ങാനായത്.

സംഭവത്തെത്തുടർന്ന് ആളുകളെ യാത്ര അയക്കാൻ വരുന്നവർ യാത്രാ ടിക്കറ്റുകൾ ഇല്ലാതെ ട്രെയിനിലോ, പ്ലാറ്റ്ഫോം ടിക്കറ്റ് ഇല്ലാതെ പ്ലാറ്റ്ഫോമിലോ പ്രവേശിക്കരുതെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകി. യാത്രക്കാരുടെ സുരക്ഷയ്ക്കായാണ് വന്ദേഭാരത് ട്രെയിനുകളിൽ ഓട്ടോമാറ്റിക് ഡോർ ക്ലോസിങ് സംവിധാനം സജ്ജീകരിച്ചിട്ടുള്ളതെന്നും ട്രെയിനുകളുടെ സമയക്രമവും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. അനധികൃതമായി ട്രെയിനിൽ പ്രവേശിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

LATEST NEWS
മൂന്ന് ദിവസം തുടര്‍ച്ചയായ ദര്‍ശനം, ‘സ്‌പെഷ്യല്‍’ ഇല്ല, രാവിലെ ഒന്‍പത് മുതല്‍ പ്രസാദ ഊട്ട്; ഗുരുവായൂര്‍ ഏകാദശി ശനിയാഴ്ച

മൂന്ന് ദിവസം തുടര്‍ച്ചയായ ദര്‍ശനം, ‘സ്‌പെഷ്യല്‍’ ഇല്ല, രാവിലെ ഒന്‍പത് മുതല്‍ പ്രസാദ ഊട്ട്; ഗുരുവായൂര്‍ ഏകാദശി ശനിയാഴ്ച

തൃശൂര്‍: പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി നവംബര്‍ 21 ശനിയാഴ്ച. ഗുരുവായൂര്‍ ഏകാദശി ദേവസ്വം വക...

ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്; സുഹൈലിനെ പുറത്താക്കി കോണ്‍ഗ്രസ്

ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്; സുഹൈലിനെ പുറത്താക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഡിസിസി അംഗം സുഹൈല്‍ ഷാജഹാനെ കോണ്‍ഗ്രസില്‍...