അബുദാബി: ബിഗ് ടിക്കറ്റ് അബുദാബിയുടെ ആദ്യ ആഴ്ചയിലെ ഇ-ഡ്രോയില്‍ മലയാളി ഉള്‍പ്പെടെ നാലുപേര്‍ക്ക് 25,000 ദിര്‍ഹം (ഏകദേശം ആറര ലക്ഷത്തോളം രൂപ) വീതം സമ്മാനം. ഷാര്‍ജയില്‍ താമസിക്കുന്ന മലയാളിയായ ആര്‍ദ്ര കിഴക്കേ ചേത്തില്‍ (27) നാണ് ഭാഗ്യം അടിച്ചത്. വര്‍ഷങ്ങളായി ടിക്കറ്റെടുക്കുന്ന സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് സ്വന്തം പേരില്‍ ആദ്യമായി എടുത്ത ടിക്കറ്റിലാണ് മലയാളി യുവതിയെ തേടി വന്‍ ഭാഗ്യമെത്തിയത്.
ഒരു വര്‍ഷം മുന്‍പാണ് ആര്‍ദ്ര ഭര്‍ത്താവിനൊപ്പം ഷാര്‍ജയിലെത്തിയത്. ഭര്‍ത്താവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും വര്‍ഷങ്ങളായി നിരന്തരം ബിഗ് ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു. ഇത്തവണ ഭര്‍ത്താവും 9 സുഹൃത്തുക്കളും അടങ്ങുന്ന 10 അംഗ സംഘത്തോടൊപ്പം ആര്‍ദ്രയും പങ്കാളിയാവുകയും ആദ്യമായി ആര്‍ദ്രയുടെ പേരില്‍ ടിക്കറ്റ് റജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. റാന്‍ഡം സിസ്റ്റം വഴി തിരഞ്ഞെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
വര്‍ഷങ്ങളായി ടിക്കറ്റെടുക്കുന്ന ഗ്രൂപ്പിന് ആദ്യമായി ലഭിച്ച ഈ വിജയത്തിന്റെ സന്തോഷം ഭര്‍ത്താവിനോടും കൂട്ടുകാരോടുമൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ആര്‍ദ്ര. സമ്മാനത്തുക ഗ്രൂപ്പിലെ എല്ലാവരും തുല്യമായി വീതിക്കും.
തമിഴ് നാട്ടുകാരനായ സൂസൈരാജ് ബസ്കി രാജന്( 55) ആണ് മറ്റൊരു വിജയി. ചെന്നൈ സ്വദേശിയും 30 വര്‍ഷമായി ദുബൈയില്‍ ബിസിനസ് നടത്തുന്നു. 4 വര്‍ഷമായി ഒറ്റയ്ക്ക് ടിക്കറ്റെടുക്കുന്ന അദ്ദേഹത്തിന്റെ ആദ്യ ജയമാണിത്. സമ്മാനത്തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും പള്ളികള്‍ വഴി സൗജന്യ ഭക്ഷണ വിതരണത്തിനുമായി ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ദുബായില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ ജോലി ചെയ്യുന്ന ഫിലിപ്പിന്‍സ് സ്വദേശി ജേഡ് പന്സലാന് പിതാവിന്റെയും അമ്മാവന്റെയും ഒപ്പം എടുത്ത ടിക്കറ്റിലൂടെയാണ് സമ്മാനം നേടിയത്. യുഎഇയില്‍ താമസിക്കുന്ന ഇറാഖി സ്വദേശിയായ റാന്ദ് ഫത്താഹാണ് നാലാമത്തെ വിജയി. ഈ മാസം 11-ന് എടുത്ത 280060 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് 25,000 ദിര്‍ഹം നേടിയത്. www.bigticket.ae വഴി ഓണ്‍ലൈനായോ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലെയും മൊറാഫിഖ് കേന്ദ്രങ്ങളിലെയും കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകള്‍ ലഭ്യമാണ്.



















