കിവീസ് ‘ബ്ലോക്കത്തണ്‍’… ഇന്ത്യന്‍ ‘ജയ മോഹം’ തല്ലിക്കെടുത്തി!

Nov 23, 2026

വെല്ലിങ്ടന്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു. അഞ്ചാം ദിനം മൂന്നാം സെഷന്‍ അവസാനിച്ചതിനു പിന്നാലെ ഇരു ക്യാപ്റ്റന്‍മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 5 വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞത്. സമനില ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ എന്ന പ്രതീക്ഷയ്ക്ക് വലിയ അടിയാണ് നല്‍കിയത്.

ഒന്നാം ഇന്നിങ്സില്‍ കിവികള്‍ 368 റണ്‍സില്‍ ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 720 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയാണ് മറുപടി നല്‍കിയത്. 352 റണ്‍സിന്റെ മികച്ച ലീഡുയര്‍ത്തിയാണ് ഇന്ത്യ കിവികളെ വെല്ലുവിളിച്ചത്. വിദേശ പിച്ചിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് ടോട്ടല്‍ എന്ന റെക്കോര്‍ഡും ഒന്നാം ഇന്നിങ്‌സിലെ മികവിലൂടെ ഇന്ത്യ സ്വന്തമാക്കി.

രണ്ടാം ഇന്നിങ്‌സില്‍ 352 റണ്‍സ് ലീഡിന്റെ ഭാരവുമായി ബാറ്റിങ് തുടങ്ങിയ ന്യൂസിലന്‍ഡ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലായിരുന്നു. അഞ്ചാം ദിനത്തില്‍ കിവികളുടെ 3 വിക്കറ്റുകള്‍ ആദ്യ സെഷനില്‍ തന്നെ വീഴ്ത്തി ഇന്ത്യ ഇന്നിങ്‌സ് ജയം സ്വന്തമാക്കാമെന്ന പ്രതീക്ഷ കത്തിച്ചു നിര്‍ത്തി.

എന്നാല്‍ ആറാം വിക്കറ്റില്‍ ഒന്നിച്ച ഡാരില്‍ മിച്ചല്‍- ഗ്ലെന്‍ ഫിലിപ്‌സ് സഖ്യം ഇന്ത്യ പ്രതീക്ഷകളെ അമിത പ്രതിരോധത്തിലൂന്നിയ ബാറ്റിങിലൂടെ തല്ലിക്കെടുത്തി. 186 പന്തുകള്‍ ചെറുത്ത് ഡാരില്‍ മിച്ചല്‍ 49 റണ്‍സുമായി പുറത്താകാതെ നിന്നു. ഗ്ലെന്‍ ഫിലിപ്‌സ് 126 പന്തുകള്‍ പ്രതിരോധിച്ച് 26 റണ്‍സുമായും ക്രീസില്‍ തുടര്‍ന്നു.

352 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് തുടങ്ങിയ കിവികള്‍ക്ക് തുടക്കം തന്നെ പ്രഹരം കിട്ടി. രണ്ടാം ഇന്നിങ്സിലും ക്യാപ്റ്റന്‍ ടോം ലാതം പൂജ്യത്തില്‍ പുറത്തായി. രണ്ടാം ഇന്നിങ്സിലും ലാതം ബുംറയ്ക്ക് മുന്നില്‍ വീണു. ഒന്നാം ഇന്നിങ്സില്‍ 175 റണ്‍സടിച്ച് പൊരുതിയ ഹെന്റി നിക്കോള്‍സ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയ്ക്കൊപ്പം ചേര്‍ന്നതോടെ ന്യൂസിലന്‍ഡ് മത്സരത്തിലേക്ക് മടങ്ങിയെത്തി. ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 60 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. മികവിലേക്ക് ഉയരുന്ന ഘട്ടത്തില്‍ നിക്കോള്‍സിനെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. താരം 59 പന്തില്‍ 3 ഫോറുകള്‍ സഹിതം 31 റണ്‍സിലെത്തി നില്‍ക്കെ ഔട്ട്. വിസ്മയിപ്പിക്കും ഒറ്റകൈ ക്യാച്ചിലൂടെ ധ്രുവ് ജുറേലാണ് നിക്കോള്‍സിനെ മടക്കിയത്. പിന്നീട് ക്രീസില്‍ ഒന്നിച്ച ഡെവോണ്‍ കോണ്‍വെയും രചിന്‍ രവീന്ദ്രയും നാലാം ദിനം കൂടുതല്‍ നഷ്ടമില്ലാതെ അവസാനിപ്പിച്ചു.

59 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം തുടങ്ങിയ ഡെവോണ്‍ കോണ്‍വെ മൂന്നാം വിക്കറ്റായി തുടക്കം തന്നെ മടങ്ങി. 165 പന്തുകള്‍ പ്രതിരോധിച്ച് 7 ഫോറുകള്‍ സഹിതമാണ് താരം 65 റണ്‍സെടുത്താണ് കോണ്‍വെ പുറത്തായത്. നാലാം ദിനം 27 റണ്‍സില്‍ നിന്ന രചിന്‍ രവീന്ദ്ര 10 റണ്‍സ് കൂടി ചേര്‍ത്ത് 37 റണ്‍സുമായി മടങ്ങിയതോടെ കളി ഇന്ത്യ അതിവേഗം ജയിക്കുമെന്ന പ്രതീതിയിലേക്ക് എത്തി. തൊട്ടുപിന്നാലെ വന്ന ടോം ബ്ലന്‍ഡല്‍ അല്‍പ്പം നേരം പൊരുതിയെങ്കിലും താരവും മടങ്ങിയതോടെ കിവികള്‍ 5ന് 178 റണ്‍സെന്ന നിലയിലേക്ക് വീണു. പിന്നീടാണ് ഇന്ത്യയെ വശംകെടുത്തിയ മിച്ചല്‍- ഫിലിപ്‌സ് സഖ്യത്തിന്റെ പ്രതിരോധം.

അഞ്ചാം ദിനത്തില്‍ പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടന്‍ സുന്ദര്‍, അന്‍ഷുല്‍ കാംബോജ് എന്നിവരാണ് 3 വിക്കറ്റുകള്‍ പങ്കിട്ടത്. പ്രസിദ്ധ് രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റെടുത്തു. ബുംറ ഒരു വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ ഇന്ത്യയുടെ ബാറ്റിങ് വിരുന്നായിരുന്നു വെല്ലിങ്ടനില്‍. രണ്ട് സെഞ്ച്വറികളും 4 അര്‍ധ സെഞ്ച്വറികളും തൊങ്ങല്‍ ചാര്‍ത്തിയ ഇന്നിങ്സാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. കെഎല്‍ രാഹുല്‍ (136), ഋഷഭ് പന്ത് (128) എന്നിവരുടെ സെഞ്ച്വറികളും യശസ്വി ജയ്സ്വാള്‍ (85), ദേവ്ദത്ത് പടിക്കല്‍ (80), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (98), ധ്രുവ് ജുറേല്‍ (78) എന്നിവരുടെ അര്‍ധ ശതകങ്ങളും ഇന്ത്യക്ക് കരുത്തായി. രാത്രി കാവല്‍ക്കാരനായി ഇറങ്ങിയ അന്‍ഷുല്‍ കാംബോജ് 42 പന്തുകള്‍ ചെറുത്ത് നേടിയ 38 റണ്‍സും ഇന്ത്യക്ക് ബോണസായി.

LATEST NEWS
ദ്വാദശി നിറവില്‍ ഗുരുവായൂര്‍, 16.43 ലക്ഷം രൂപ ദക്ഷിണയായി സമര്‍പ്പിച്ച് ഭക്തര്‍; അനുഗ്രഹമേകി അഗ്നിഹോത്രികള്‍

ദ്വാദശി നിറവില്‍ ഗുരുവായൂര്‍, 16.43 ലക്ഷം രൂപ ദക്ഷിണയായി സമര്‍പ്പിച്ച് ഭക്തര്‍; അനുഗ്രഹമേകി അഗ്നിഹോത്രികള്‍

തൃശൂര്‍: ഏകാദശി വ്രത പൂര്‍ണതയ്ക്കായി ഭക്തസഹസ്രങ്ങള്‍ ദ്വാദശിപ്പണം സമര്‍പ്പിച്ചു. ശുകപുരം, പെരുവനം,...

കാലടി സംസ്കൃത സർവകലാശാല വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി; അന്വേഷണ റിപ്പോർട്ടും തള്ളി

കാലടി സംസ്കൃത സർവകലാശാല വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി; അന്വേഷണ റിപ്പോർട്ടും തള്ളി

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട്...