കൈയില്‍ വന്നത് ആറായിരം കോടി; തിരുപ്പതി ഭഗവാന് വഴിപാടായി 121 കിലോ സ്വര്‍ണാഭരണങ്ങള്‍

Nov 26, 2026

തിരുപ്പതി: തിരുമലയില്‍ വെങ്കിടേശ്വര സ്വാമിക്ക് 121 കിലോ സ്വര്‍ണാഭരണങ്ങള്‍ സമര്‍പ്പിച്ച് വ്യവസായി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായിയും ആക്‌സസ് ഹെല്‍ത്ത് കെയര്‍ സഹസ്ഥാപകനുമായ വര്‍ധമാന്‍ ജെയിനും രാധിക ജെയിനുമാണ് ഏകദേശം 150 മുതല്‍ 160 കോടി രൂപ വരെ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വഴിപാട് ആയി സമര്‍പ്പിച്ചത്.

ഒമ്പത് സെറ്റുകളിലായി ക്രമീകരിച്ച 43 സ്വര്‍ണാഭരണങ്ങളാണ് സമര്‍പ്പിച്ചത്. ഇതില്‍ കിരീടം, പാദുകങ്ങള്‍, ശംഖ്, മാലകള്‍, ചക്രം തുടങ്ങിയവ ഉള്‍പ്പെടുന്നു. വിഗ്രഹത്തെ ശിരസ് മുതല്‍ പാദം വരെ അലങ്കരിക്കുന്ന ആഭരണങ്ങളാണ് സംഭാവനയായി നല്‍കിയത്. തന്റെ കമ്പനിയുടെ 60 ശതമാനം ഓഹരികള്‍ വിറ്റതിലൂടെ ലഭിച്ച ആറായിരം കോടി രൂപയില്‍ നിന്നാണ് അദ്ദേഹം സംഭാവനയായി നല്‍കിയത്. സ്വര്‍ണാഭരണങ്ങള്‍ വഴിപാട് ആയി സമര്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിരുമലയില്‍ ഒരു വ്യക്തിഗത ഭക്തന്‍ സമര്‍പ്പിക്കുന്ന ഏറ്റവും വലിയ വഴിപാടാണിത്.

അഞ്ച് മാസം മുന്‍പ് ക്ഷേത്രം സന്ദര്‍ശിച്ച വ്യവസായി വെങ്കിടേശ്വര സ്വാമിക്ക് അണിയിക്കാന്‍ ആവശ്യമായ സ്വര്‍ണാഭരണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞിരുന്നു. തുടര്‍ന്നാണ് 45 സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം ഓര്‍ഡര്‍ നല്‍കിയത്.

LATEST NEWS