ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായി എംകെ സ്റ്റാലിനെ രണ്ടാം സവര്‍ക്കര്‍ എന്ന് വിശേഷിപ്പിച്ച് ടിവികെ. ആര്‍എസ്എസ് യൂണിഫോം ധരിച്ച സ്റ്റാലിന്റെ എഐ ചിത്രം എക്‌സില്‍ പങ്കുവച്ചായിരുന്നു ടിവികെയുടെ വിമര്‍ശനം.
ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് തമിഴ്നാട്ടിലെ ദ്രാവിഡ പാര്‍ട്ടിയായ ഡിഎംകെ അറിയിച്ചു. എംകെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കുന്നതിനെ അംഗീകരിക്കുന്നതായി ഡിഎംകെ എംപി ഡി രാജ യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്നാടിന് 7.18 ശതമാനം സീറ്റിന്റെ അനുപാതം നിലനിര്‍ത്തണമെന്നായിരുന്നു പാര്‍ട്ടിയുടെ ആവശ്യം. എന്നാല്‍ 50 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ ഈ അനുപാതം 7.21 ശതമാനമായി ഉയരുമെന്നും രാജ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച ഇന്ത്യ സഖ്യ യോഗത്തില്‍ നിന്ന് എന്‍സിപി എസ്പി വിട്ടുനിന്നു. സമാജ്വാദി പാര്‍ട്ടി, സിപിഎം, ആര്‍എല്‍ഡി, സിപിഐ, ആര്‍എസ്പി, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ജെഎംഎം ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം. ഇന്ത്യാസഖ്യത്തിനു പുറത്തുള്ള പ്രതിപക്ഷ പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തിയുള്ള വിശാല യോഗമാണ് ഖര്‍ഗെയുടെ വീട്ടില്‍ വിളിച്ചത്. ഡിഎംകെ, ആംആദ്മി പാര്‍ട്ടി, ബിജെഡി തുടങ്ങിയ കക്ഷികളെയും ക്ഷണിച്ചിരുന്നു.



















