റാഞ്ചി: ഝാര്‍ഖണ്ഡിലെ റാംഗഢ് ജില്ലയിലെ റാഞ്ചി- പട്ന ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ 13 പേര്‍ക്ക് ദാരുണാന്ത്യം. അമിത വേഗത്തിലെത്തിയ 18 വീലുകളുള്ള ട്രെയിലര്‍, സ്കോര്‍പിയോയില്‍ ഇടിച്ചാണ് വന്‍ അപകടമുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം. 4 വീതം കുട്ടികളും വനിതകളും ഉള്‍പ്പെടെ 13 പേരാണ് അപകടത്തില്‍ മരിച്ചത്. 13 പേരും അപകട സ്ഥലത്തു തന്നെ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.
ഝാര്‍ഖണ്ഡിലെ പ്രസിദ്ധമായ രജ്രപ്പ ക്ഷേത്രത്തിലേക്കുള്ള 14 പേരടങ്ങിയ സംഘത്തിന്റെ യാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്. ബിഹാറിലെ നളന്ദ ജില്ലയിലെ ജംഗാരോ ഗ്രാമവാസികളായ 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. രാജ്രപ്പ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്താനായി പോകുന്നതിനിടെയാണ് ദുരന്തം.
അപകടത്തില്‍ ജീവനോടെ ശേഷിച്ച വ്യക്തി ഗുരുതര പരിക്കേറ്റ് സദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകട കാരണം വ്യക്തമല്ല. അപകടം നടന്നയുടന്‍ പ്രദേശവാസികള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. തകര്‍ന്ന വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനും മറ്റും നാട്ടുകാര്‍ സജീവമായി ഇടപെട്ടു. പിന്നാലെ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.



















