ആറ്റിങ്ങൽ മണ്ഡലത്തിലെ സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ ആവശ്യപ്പെട്ട് അഡ്വ.അടൂർ പ്രകാശ് എം.പി കേന്ദ്രമന്ത്രിക്ക് കത്ത് നൽകി

Dec 4, 2021

seena

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിലെ വിവിധ സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് അഡ്വ. അടൂർ പ്രകാശ് എം.പി നേരിൽ കണ്ട് കത്തുനൽകി. കോവിഡ് കാലത്ത് നിർത്തലാക്കിയ പല ട്രെയിനുകളും പൂർവസ്ഥിതിയിൽ ഓടി തുടങ്ങിയെങ്കിലും മണ്ഡലത്തിലെ പല സ്റ്റേഷനുകളിലും പല ട്രെയിനുകൾക്കും സ്റ്റോപ്പുകൾ അനുവദിച്ച്‌ നൽകിയിട്ടില്ല. ട്രെയിൻ നമ്പർ 16 381 / 16 382 മുംബൈ കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് ഏറ്റവും കൂടുതൽ യാത്രക്കാർ യാത്ര ചെയ്യുന്ന ട്രെയിൻ ആണെന്നിരിക്കെ ഈ ട്രെയിൻ ഇതുവരെയും ഓടി തുടങ്ങിയിട്ടില്ല.

മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകൾ ആയ വർക്കല, കടയ്ക്കാവൂർ ചിറയിൻകീഴ് സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉള്ള ജയന്തി ജനത എക്സ്പ്രസ് ഓടി തുടങ്ങാത്തത് മൂലം യാത്രക്കാർ വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ആയതിനാൽ ഈ ട്രെയിൻ എത്രയും വേഗം ഓടുന്ന അതിനുള്ള നടപടികൾ സ്വീകരിക്കുവാൻ എം.പി കത്തിൽ ആവശ്യപ്പെട്ടു. ട്രെയിൻ നമ്പർ 06729 / 06730 നമ്പർ പുനലൂർ – മധുര ട്രെയിൻ സ്പെഷ്യൽ ട്രെയിൻ ആയി ഓടുന്നതിനാൽ സാധാരണ യാത്രക്കാർക്ക് ഇതിൽ യാത്ര ചെയ്യുവാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. പുനലൂർ – മധുര ട്രെയിൻ പഴയരീതിയിൽ പാസഞ്ചർ ട്രെയിൻ ആയി ഓടുന്നതിനുള്ള നടപടികൾ എടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ട്രെയിൻ നമ്പർ 06639 / 06640 നമ്പർ പുനലൂർ – കന്യാകുമാരി പാസഞ്ചർ ട്രെയിൻ പുനലൂർ മുതൽ തിരുവനന്തപുരം വരെ ഓടുന്നെങ്കിലും മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകൾ ആയ കടയ്ക്കാവൂർ, ചിറയിൻകീഴ് സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഇല്ലാത്തതിനാൽ സാധാരണക്കാരായ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാണ്. പുനലൂർ – കന്യാകുമാരി പാസഞ്ചർ ട്രെയിൻ ഉദ്യോഗസ്ഥരും തൊഴിലാളികളും സാധാരണ ജനങ്ങളും യാത്ര ചെയ്യുവാൻ ആശ്രയിക്കുന്ന ട്രെയിൻ ആണെന്നിരിക്കെ മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളായ ചിറയിൻകീഴ്, കടയ്ക്കാവൂർ സ്റ്റേഷനുകളിൽ ട്രെയിന് സ്റ്റോപ്പ് അനുവദിക്കണമെന്നും അടൂർപ്രകാശ് കേന്ദ്രമന്ത്രിയെ നേരിൽകണ്ട് ആവശ്യം അറിയിച്ചു.

cake tower new
LATEST NEWS