പാലക്കാട്: മൂലത്തറയിൽ ഭിക്ഷാടകനെ ക്രൂരമായി തല്ലിക്കൊന്ന നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ മീനാക്ഷിപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. മൂലത്തറ ഡാമിന് സമീപത്തെ കള്ള് ഷാപ്പിന് മുന്നിൽ വെച്ച് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്.

ഞായറാഴ്ച രാവിലെ കള്ള് ഷാപ്പിന് സമീപം ഭിക്ഷാടകനെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ നാട്ടുകാരാണ് ആദ്യം കണ്ടെത്തുന്നത്. തുടർന്ന് വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിലാണ് ക്രൂരമായ മർദനത്തെ തുടർന്നാണ് മരണമെന്നും സംഭവം കൊലപാതകമാണെന്നും സ്ഥിരീകരിച്ചത്. ഇതോടെ മീനാക്ഷിപുരം പൊലീസ് സംഘം പ്രദേശത്ത് കേന്ദ്രീകരിച്ച് ഊർജ്ജിതമായ അന്വേഷണം ആരംഭിക്കുകയും കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.





















