വെഞ്ഞാറമൂട്: തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും മോഷണം നടത്തുന്ന ശ്രീകാര്യം പോങ്ങുംമൂട് സ്വദേശി സുനിൽ കുമാറിനെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു.
നവംബർ 24 നു ഓട്ടോറിക്ഷയുമായി കറങ്ങി നടന്ന സുനിൽ കുമാർ കന്യാകുളങ്ങരയിൽ നിന്നും രണ്ടു അന്യ സംസ്ഥാന തൊഴിലാളികളെ ജോലി വാഗ്ദാനം നൽകി തന്റെ ഓട്ടോ റിക്ഷയിലേക്ക് കയറ്റി. പിരപ്പൻകോട് പാലവിള സെന്റ് ജോൺസ് ആശുപത്രിക്ക് സമീപം ആളൊഴിഞ്ഞ പറമ്പ് ചൂണ്ടികാട്ടിയിട്ട് അവിടെ ആണ് ജോലി എന്നും പറമ്പിൽ ഒരു വശത്തു കൂട്ടിയിട്ടിരിക്കുന്ന പാറകല്ലുകൾ പെറുക്കി മാറ്റണമെന്നും ആവശ്യപെട്ടു.

കൂലിയായി ഒരാൾക്ക് 900 രൂപ വീതം ശമ്പളം നൽകുമെന്നും അറിയിച്ചു. തൊഴിലാളികൾ വസ്ത്രം മാറി പറമ്പിലേക്ക് ഇറങ്ങിയതും സുനിൽ ഓട്ടോയുമായി കടന്നു കളഞ്ഞു. ഒപ്പം തൊഴിലാളികളുടെ പേഴ്സും മൊബൈൽ ഫോണും വസ്ത്രങ്ങളും സൂക്ഷിച്ചിരുന്ന ബാഗും. തങ്ങൾ കബളിപ്പിക്കപെട്ടു എന്ന് മനസിലാക്കിയ തൊഴിലാളികൾ മറ്റൊരു ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.
അതേസമയം സുനിൽ മറ്റു രണ്ടു അന്യ സംസ്ഥാന തൊഴിലാളികളെ ഇ പരിസരത്ത് നിന്നും വാഹനത്തിൽ കയറ്റി ജോലി നൽകാം എന്നു പറഞ്ഞു കബളിപ്പിച്ചു പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിന് സമീപം കൊണ്ട് പോയി ഇറക്കി വിട്ടു. അവരിൽ നിന്നും ചെറിയ തുകയ്ക്കുള്ള സാധനങ്ങൾ മാത്രമാണ് തട്ടിയെടുത്തത്. ആദ്യത്തെ രണ്ട് തൊഴിലാളികളുടെ പരാതിയിന്മേൽ വെഞ്ഞാറമൂട് പോലീസ് കേസെടുത്തിരുന്നു.
തുടർന്ന് നടത്തിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒന്നുരണ്ട് സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും സുനിൽ കുമാറിന്റെ ഓട്ടോറിക്ഷയുടെ വിവരങ്ങൾ ലഭിച്ചിരുന്നു. KL-01CM6059 കാശി നാഥൻ എന്ന പേര് നൽകിയ ആട്ടോ റിക്ഷയുടെ വിവരങ്ങൾ ആണ് ലഭിച്ചത്. പോലീസ് ഉടനെ ആർ സി ഓണറെ കണ്ടെത്തി എന്നാൽ സിബിൽ സ്കോർ പ്രശ്നം ഉള്ളതുകൊണ്ട് തന്റെ സുഹൃത്തിന്റെ പേരിലാണ് സുനിൽകുമാർ വാഹനം എടുത്തിരുന്നത്. സുഹൃത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സുനിൽകുമാറിലേക്ക് എത്തിയെങ്കിലും സത്യസന്ധനായ സുനിൽകുമാർ പുതിയ കെട്ടു കഥകളിലൂടെ പോലീസിനെ വട്ടം ചുറ്റിച്ചു.
ഉള്ളൂരിൽ മീൻ കച്ചവടം നടത്തുന്ന സുനിൽകുമാർ യാതൊരുകാരണവശാലും വെഞ്ഞാറമൂട് വരില്ല എന്നും വാഹനം മാറിയതാകാനാണ് ചാൻസ് എന്നും പറഞ്ഞതോടെ അന്യസംസ്ഥാന തൊഴിലാളികളെ വിളിച്ചുവരുത്തി പോലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്തു. തുടർന്ന് സുനിൽ കുമാറിനെ കസ്റ്റഡിയിലെടുത്തു. അപ്പോഴും പഠിച്ച കള്ളൻ എന്നപോലെ സുനിൽകുമാർ മൗനം തന്നെ പാലിച്ചു. ഒടുവിൽ വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ സൈജു നാഥ് സബ്ഇൻസ്പെക്ടർ അമർത് സിംഗ് നായകവും സിപിഒ ഗോപകുമാറും കൂടി നടത്തിയ ഒരു ഡ്രാമ സ്റ്റോറിയിലൂടെ സുനിൽകുമാറിൽ നിന്ന് തന്നെ ഓരോന്നായി പുറത്തു വരാൻ തുടങ്ങി. അതിന്റെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് വേളാവൂരിൽ താമസിക്കുന്ന രണ്ടാമത് ശാന്തിഗിരിയിൽ ഇറക്കിവിട്ട അന്യസംസ്ഥാന തൊഴിലാളികളിലേക്ക് കഥയെത്തി അവരെയും ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിൽ ശാന്തിഗിരിയിലെ ഒരു കുറ്റിക്കാട്ടിൽ നിന്നും ബാഗും മൊബൈൽഫോണുകളും ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.
മുമ്പും സമാന സംഭവങ്ങളിൽ പ്രതിയാണ് സുനിൽകുമാർ എന്നും മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ തെളിവുകളുടെ അഭാവത്തിലാണ് പലതവണയും ഇയാൾ രക്ഷപ്പെട്ടു പോയതെന്നും പൊലീസ് പറഞ്ഞു. അങ്ങനെ പോലീസിനെ ദിവസങ്ങൾ വട്ടം ചുറ്റിച്ച അന്യസംസ്ഥാന തൊഴിലാളികളെ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി സുനിൽകുമാർ ആണെന്ന് തിരിച്ചറിഞ്ഞു.
അന്യ സംസ്ഥാന തൊഴിലാളികളെ മാത്രം ഇരകളാക്കി മുങ്ങുന്നതിനു കാരണം കൂടുതൽ തെളിവുകൾ ഒന്നും ഉണ്ടാകില്ല എന്ന തിരിച്ചറിവാണ്. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ സൈജു നാഥിന്റെ നിർദ്ദേശാനുസരണം വെഞ്ഞാറമൂട് സബ്ഇൻസ്പെക്ടർ അമർത് സിംഗ് നായകം, സബ് ഇൻസ്‌പെക്ടർ സുനിൽ കുമാർ, സിപിഒ ഗോപകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


















