കല്ലമ്പലം: പച്ചക്കറി- പാചകവാതക വില വർദ്ധനവ് സ്കൂൾ ഉച്ചഭക്ഷണ വിതരണ പദ്ധതി അവതാളത്തിലാക്കിയെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ആറു വർഷങ്ങൾക്ക് മുൻപ് നിശ്ചയിച്ചിട്ടുള്ള നാമമാത്രമായ സർക്കാർ വിഹിതം കൊണ്ട് ഉച്ചഭക്ഷണ വിതരണം സ്കൂളുകളിൽ നടത്തി കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണെന്ന് കെപിഎസ്ടിഎ ഞെക്കാട് ബ്രാഞ്ച് സമ്മേളനം ആരോപിച്ചു. അടിയന്തരമായി ഉച്ചഭക്ഷണ വിതരണത്തിൽ സർക്കാർ ഇടപെടുകയും കുട്ടികൾക്ക് ഭക്ഷണത്തിനുള്ള വിഹിതം വർദ്ധിപ്പിക്കുകയും വേണം.

ബി.പി. സിന്ധു അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രദീപ് നാരായൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ആർ. ശ്രീകുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് എൻ.സാബു, വി.പി.സുനിൽകുമാർ, സി.എസ്. വിനോദ്, റ്റി.യു. സഞ്ജീവ്, വി.വിനോദ്, പി.എസ്. ഗീത എന്നിവർ സംബന്ധിച്ചു. പുതിയ ഭാരവാഹികളായി ബി.പി.സിന്ധു (പ്രസിഡൻ്റ്), എസ്.രാജു (സെക്രട്ടറി) എന്നിവരെ യോഗം തിരഞ്ഞെടുത്തു.


















