കല്ലമ്പലം : നാവായിക്കുളം വെട്ടിയറ മാടൻ തമ്പുരാൻ ക്ഷേത്രത്തിനു സമീപം ചിറവിള പുത്തൻ വീട്ടിൽ പരേതനായ ജയമോഹൻ ശ്രീജ ദമ്പതികളുടെ മകൾ ജീവ മോഹൻ
(ഗൗരി 16)യെയാണ് ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെ വീട്ടിലെ കിടപ്പുമുറിയിലെ സീലിങ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരിയായ ജീവയുടെ മാതാവ് ശ്രീജ ജോലിക്ക് പോയ സമയത്താണ് സംഭവം. ജീവയുടെ സഹോദരി അഞ്ചാം ക്ലാസ് വിദ്യാർഥിനി ട്യൂഷനു പോയി മടങ്ങി വന്ന് വാതിലിൽ മുട്ടി വിളിച്ചിട്ടും കതക് തുറക്കാത്തതിനാൽ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അയൽക്കാരും ബന്ധുക്കളും കൂടി കതക് ചവിട്ടിപ്പൊളിച്ചപ്പോഴാണ് ജീവയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ വാർഡ് മെമ്പർ പൈവേലി കോണം ബിജുവിനെ അറിയിക്കുകയും അദ്ദേഹം കല്ലമ്പലം പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

പഠിത്തത്തിൽ മിടുക്കിയായിരുന്ന ജീവ പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. കുട്ടി മൊബൈൽ ഫോണിന് അഡിക്റ്റായി യൂട്യൂബിലും മറ്റും വിവിധ പ്രോഗ്രാമുകൾ സ്ഥിരമായി രാത്രിയിൽ കാണാറുള്ളതായി പറയുന്നു. ഇതുകാരണം പഠനത്തിൽ പിറകോട്ട് പോവുകയും ഇക്കാര്യങ്ങൾ കൊണ്ട് മാനസിക സംഘർഷത്തിലുമായിരുന്നു ജീവ. യൂട്യൂബിൽ ബി ടി എസ് ആർമി എന്ന പ്രോഗ്രാമിനെ കുറിച്ച് ജീവയുടെ മുറിയിൽ നിന്നു ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ സൂചന ഉള്ളതായി അറിയുന്നു.മടവൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു ജീവ മോഹൻ.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. കല്ലമ്പലം പൊലീസ് കേസെടുത്തു.


















