കൊച്ചി: ബൈക്കിലെത്തി പെൺകുട്ടികളെ കടന്നു പിടിച്ച യുവാവ് പൊലീസ് പിടിയിൽ. മാറാടി സ്വദേശി നസീബാണ് തലയോലപ്പറമ്പ് പൊലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു നേരെയായിരുന്നു പ്രതിയുടെ സ്ഥിരം അക്രമം. കഴിഞ്ഞ 16 നാണ് വടയാർ മുട്ടുങ്കൽ റോഡിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ വഴിയിൽ തടഞ്ഞു നിർത്തി പ്രതി നസീബ് കടന്നുപിടിച്ചത്. അടുത്തെത്തി തടഞ്ഞ് നിർത്തിയായിരുന്നു അതിക്രമം.

പെൺകുട്ടികൾ കുതറി മാറി ബഹളം വച്ചതിനെ തുടർന്ന് ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. മൂവാറ്റുപുഴയിലെ ചെരുപ്പുകടയിൽ ജീവനക്കാരനാണ് നസീബ്. വ്യാപാര സ്ഥാപനങ്ങളിൽ ചെരുപ്പിന്റെ ഓർഡറെടുത്ത് സാധനങ്ങൾ എത്തിക്കാനുള്ള യാത്രയ്ക്കിടെയാണ് ഇയാൾ ഇടറോഡുകളിൽ വച്ച് പെൺകുട്ടികളെ ആക്രമിച്ചിരുന്നത്. കടുത്തുരുത്തി വൈക്കം മേഖലകളിൽ ഇയാൾ നിരവധി കുട്ടികളെ ശല്യം ചെയ്തിരുന്നതായി പരാതി ലഭിച്ചിട്ടുണ്ട്.
പരാതിയെ തുടർന്ന് തലയോലപ്പറമ്പ് എസ്ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് മുങ്ങി നടന്നിരുന്ന ഇയാളെ മൂവാറ്റുപുഴയിൽനിന്ന് പിടികൂടിയത്. വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ നസീബിനെ റിമാൻഡ് ചെയ്തു.


















