കോട്ടയം കുട്ടിക്കാനം കടുവ പാറയ്ക്ക് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞുള്ള അപകടത്തിൽ നാവായിക്കുളം, പാരിപ്പള്ളി സ്വദേശികളായ രണ്ട് പേർ മരിച്ചു. പാരിപ്പള്ളി പാമ്പുറം സ്വദേശി സിന്ധു 45, നാവായിക്കുളം ഫാർമസി ജംഗ്ഷൻ സ്വദേശി ഭദ്ര 18 എന്നിവരാണ് മരിച്ചത്.
നാവായിക്കുളം ഫാർമസി ജംഗ്ഷൻ വിളയിൽ വീട്ടിൽ ഷിബു ഭാര്യ മഞ്ജു മക്കളായ ഭദ്ര, ഭാഗ്യ, മഞ്ജുവിന്റെ സഹോദരി സിന്ധു, സിന്ധുവിന്റെ മകൻ ആദിദേവ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ മഞ്ജുവിന്റെയും മകൾ ഭാഗ്യയുടെയും സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. പെരുവന്താനം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഇന്ന് പുലർച്ചെയാണ് ഇവർ യാത്ര തിരിച്ചത്. വിദേശായിരുന്ന ഷിബു അവധിക്കാലം ആഘോഷിക്കുന്നതിനായി നാട്ടിലെത്തിയിട്ട് മൂന്നാഴ്ചയോളം ആവുന്നു. അടുത്ത ആഴ്ച്ച വിദേശത്തേയ്ക്ക് മടങ്ങാൻ ഇരിക്കവെയാണ് അപകടം. മകൾ ഭദ്ര പാരിപ്പള്ളി എഴുപ്പുറം ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു. വിവരമറിഞ്ഞു ബന്ധുക്കൾ സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.


















